കാസര്‍കോട്: കേരളാതിര്‍ത്തി തലപ്പാടിയില്‍ കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്നുപേരുടെ നില ഗുരുതരമാണ്. ഓട്ടോഡ്രൈവറും, നാലു സ്ത്രീകളും പത്തുവയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ മംഗളൂരു കോട്ടേക്കാര്‍ സ്വദേശി ഹൈദര്‍ അലി(47), ഓട്ടോയിലുണ്ടായിരുന്ന കോട്ടേക്കാര്‍ സ്വദേശിനികളായ ഖദീജ(60), നഫീസ(52), അവ്വമ്മ, നഫീസയുടെ മകള്‍ ആയിഷ ഫിദ(16), ഷാഹുല്‍ ഹമീദിന്റെ മകള്‍ പത്തുവയുകാരി ഹസ്ന എന്നിവരാണ് മരിച്ചത്. തൂമിനാട്ടിലുള്ള ബന്ധുവീട്ടില്‍ പോവുകയായിരുന്നു ഓട്ടോയിലുള്ളവര്‍. പരിക്കേറ്റ് ആശുപത്രിയിലുള്ള സുരേന്ദ്രനും ലക്ഷ്മിയും തലപ്പാടി സ്വദേശികളാണ്. ഇവര്‍ക്ക് പരിക്ക് നിസാരമാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം. അമിതവേഗയില്‍ മംഗളൂരുഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കാത്തിരിപ്പ് കേന്ദ്രത്തിലും ഓട്ടോയിലിടിക്കുകയായിരുന്നു. പിന്നീട് രണ്ട് തവണ വട്ടം കറങ്ങിയശേഷം മറ്റൊരു ഓട്ടോയിലും വഴിയാത്രക്കാരെയും ഇടിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഓട്ടോകള്‍ തകര്‍ന്ന് തരിപ്പണമായി. സംഭവമറിഞ്ഞ് എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്റഫ് എന്നിവര്‍ സ്ഥലത്തെത്തി. ബസിന് ഇന്‍ഷൂറന്‍സില്ലെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആരോപിച്ചു. മരണപ്പെട്ടവരെല്ലാം കര്‍ണാടക സ്വദേശികളാണെന്ന് ജില്ലാ പൊലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ആര്‍ടിഒ ഉദ്യോഗസ്ഥരെത്തി ബസ് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
