കാസര്‍കോട്: കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘത്തില്‍പെട്ട ഒരാള്‍ കൂടി പിടിയില്‍. മേല്‍പറമ്പ് സ്വദേശി റിസ്വവാ(23)നെയാണ് കുമ്പള എസ്‌ഐ പ്രദീപ് കുമാറും സംഘവും കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ജുലൈ 13 ന് രാത്രിയിലാണ് ഇയാള്‍ ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്തത്. ഒപ്പമുണ്ടായിരുന്ന മൊഗ്രാല്‍ ബദ്രിയ നഗറിലെ കെപി റുമീസിനെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ റസ്വാന്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ ഗള്‍ഫിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാട്ടിലേക്ക് മടങ്ങിവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളിലേക്ക് ജാഗ്രതാ നിര്‍ദേശം കൈമാറി. ബുധനാഴ്ച രാത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ റിസ്വാനെ അധികൃതര്‍ തടഞ്ഞുവച്ച് കുമ്പള പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കസ്റ്റഡിയിലെടുത്ത റിസ്വാനെ കുമ്പള സ്റ്റേഷനിലെത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി.
