പയ്യന്നൂര്‍: കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിയ മൂന്നു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒമാരായ കെ പ്രശാന്തിനെ തളിപ്പറമ്പിലേയ്ക്കും വി സി വിമലിനെ കുടിയാന്മലയിലേയ്ക്കും വി നിധിനെ ആലക്കോട്ടേക്കും മാറ്റി കൊണ്ടാണ് ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഉത്തരവായത്. പകരം ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നു അഞ്ചു പൊലീസുകാരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് നിയമിച്ചു.
ആഗസ്ത് 17ന് ഞായറാഴ്ച രാത്രിയാണ് നടപടിക്ക് ഇടയാക്കിയ സംഭവം നടന്നത്. ആഴ്ചയില്‍ ഒരു ദിവസം അതാത് പൊലീസ് ജില്ലയിലെ ഒരു ഡിവൈ എസ് പിക്ക് ജില്ലാ പൊലീസ് മേധാവിയുടെ നൈറ്റ് ഡ്യൂട്ടി നല്‍കാറുണ്ട്. പ്രസ്തുത ദിവസം ഡിവൈ. എസ്. പി എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തും. അന്നു രാത്രി തളിപ്പറമ്പ് ഡിവൈ. എസ്. പി കെ. ഇ പ്രേമചന്ദ്രനായിരുന്നു പ്രസ്തുത ചുമതല. ഡിവൈ. എസ്. പി. പയ്യന്നൂര്‍ സ്റ്റേഷനില്‍ എത്തിയ സമയത്ത് സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്നു പൊലീസുകാരും ഉറങ്ങുകയായിരുന്നുവെന്നു പറയുന്നു. ഡിവൈ. എസ്. പി. തട്ടിയുണര്‍ത്തിയപ്പോഴാണ് മൂവരും ഉണര്‍ന്നത്.
തുടര്‍ന്ന് ലോക്കപ്പ് പരിശോധിച്ചപ്പോഴാണ് പയ്യന്നൂരിലെ പാചകവാതക ഏജന്‍സിയിലെ ജീവനക്കാരനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഹമ്മദ് അജ്മല്‍, റുഫൈദ്, റിസ്വാന്‍ എന്നിവരെ കണ്ടത്. കവര്‍ച്ചാ കേസിലെ പ്രതികള്‍ ലോക്കപ്പില്‍ ഉള്ള സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഉറങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നു കാണിച്ച് ഡിവൈ. എസ്. പി ജില്ലാ പൊലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് മൂന്നു പേരെയും സ്ഥലം മാറ്റിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടരുന്നു.
