വിനായകചതുർഥി ഇന്ന്; ഇനി പത്തു നാൾ ആഘോഷരാവുകള്‍

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ ആഗസ്റ്റ് 27 വ്യാഴാഴ്ചയാണ് വിനായകചതുർഥി. ഗണപതി ഭഗവാന്റെ കളിമൺ/പേപ്പർ വിഗ്രഹങ്ങൾ താത്കാലികമായി നിർമിച്ച പന്തലിൽ പ്രത്യേക അനുഷ്ഠാനങ്ങളോടെ സ്ഥാപിക്കുന്നതോടെ ഗണേശോത്സവം ആരംഭിക്കുകയായി. ഈ വിഗ്രഹം പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവകൊണ്ട് അലങ്കരിക്കപ്പെടുന്നു. പത്താം ദിവസം അതായത് അനന്ത ചതുർദശി ദിനത്തിൽ മന്ത്ര ജപങ്ങളോടും വലിയ ആഘോഷത്തോടും ഘോഷയാത്രയായി അടുത്തുള്ള ഉചിതമായ നദിയിലോ കടലിലോ നിമഞ്ജനം ചെയ്യുന്നതോടെ ഗണേശോത്സവം പരിസമാപ്തി ആകും. കേരളത്തിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുമ്പോൾ അതിനോട് അനുബന്ധിച്ചു ആനയൂട്ടു നടത്തുന്ന പോലെ പ്രാദേശികമായി ഓരോ സ്ഥലത്തും ഓരോ ആചാരം ഉണ്ട്. കാസർകോട് ജില്ലയിൽ വിപുലമായ രീതിയിൽ ആഘോഷം നടക്കും. ജില്ലയിലെ മധൂർ ശ്രീ അനന്തേശ്വര – സിദ്ധിവിനായക ക്ഷേത്രം പേരുകേട്ട ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ്. ക്ഷേത്രത്തിലെ പ്രസാദമായ അപ്പം വളരെ രുചികരവും പ്രസിദ്ധവുമാണ്. ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ‘മൂടപ്പ സേവ’ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്. കാസർകോട് മല്ലികാർജുന ക്ഷേത്രം, കുമ്പള, മുള്ളേരിയ, മേൽപറമ്പ് പള്ളിപ്പുറം, സീതാംഗോളി, നീർച്ചാൽ, പെർല , മഞ്ചേശ്വരം തുടങ്ങിയ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഗണേശോത്സവം നടക്കുന്നുണ്ട്. ജില്ലയ്ക്ക് സർക്കാർ പൊതു അവധി നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഗണേശോത്സവത്തിന് പ്രത്യേക പ്രാധാന്യത്തോടെയാണ് നടത്തുന്നത്. വിനായക ചതുർഥി ദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണേശ്വരന്റെ പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. വിനായകചതുർഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page