കാസര്‍കോട്: ഹരിപുരം, പുല്ലൂരിലെ പ്രവാസി പി.പത്മനാഭന്റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചത് വിദഗ്ദ്ധ പരിശീലനം ലഭിച്ച പ്രൊഫഷണല്‍ കവര്‍ച്ചാസംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മിന്നല്‍ വേഗത്തില്‍ ആക്ഷന്‍ നടപ്പാക്കിയതും ആള്‍ക്കാര്‍ എത്തിയപ്പോള്‍ തന്ത്രപരമായി രക്ഷപ്പെട്ടതും വിലയിരുത്തിയാണ് പൊലീസ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. കവര്‍ച്ചാശ്രമം നടന്ന വീട്ടില്‍ നിന്നു പ്രതികളുടെ വിരലടയാളങ്ങളൊന്നും കണ്ടെത്താന്‍ കഴിയാത്തതും ഇത്തരമൊരു സംശയത്തെ ബലപ്പെടുത്തുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് പുല്ലൂര്‍ ദേശീയപാതയോരത്തെ പത്മനാഭന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ബൈക്കിലെത്തിയ സംഘം മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. ഈ സമയത്ത് പത്മനാഭന്റെ ഭാര്യ മുകള്‍ നിലയിലെ മുറിയിലായിരുന്നു. വാതില്‍ തകര്‍ക്കുന്നതിന്റെ ശബ്ദം കേള്‍ക്കുന്ന കാര്യം ഭാര്യ ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനെ ഫോണില്‍ അറിയിച്ചു. അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ കവര്‍ച്ചക്കാര്‍ രക്ഷപ്പെടുകയായിരുന്നു.
ഹെല്‍മറ്റും കയ്യുറകളും ധരിച്ച രണ്ടുപേരാണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. ബൈക്കിലാണ് ഇരുവരും എത്തിയത്. സംശയം തോന്നാതിരിക്കുന്നതിനു വീട്ടില്‍ നിന്നു അല്‍പ്പം മാറിയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. ആള്‍ക്കാരെ കണ്ട് വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത് പുറത്തേയ്ക്ക് രക്ഷപ്പെട്ട കവര്‍ച്ചക്കാര്‍ ബൈക്കില്‍ കയറി പെരിയ ഭാഗത്തേയ്ക്കാണ് രക്ഷപ്പെട്ടത്. അവിടെ നിന്നു ഏതു ഭാഗത്തേയ്ക്കു പോയി എന്നറിയുന്നതിനു വിവിധ സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു വരികയാണ.് അമ്പലത്തറ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തിത്തിലാണ് അന്വേഷണം.
