കാസര്‍കോട്: സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പര്‍ ഉപയോഗിച്ചുള്ള ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തിവരുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ഉദിനൂര്‍ കല്ലുവളപ്പില്‍ സ്വദേശി കെവി സുരേന്ദ്രനെയാണ് ഡിവൈ.എസ്പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ചന്തേര സബ്ബ് ഇന്‍സ്‌പെക്ടര്‍ സതീഷ് വര്‍മ്മയും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഡിവൈ.എസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് വലവിരിച്ചത്. ഉദിനൂര്‍ മാച്ചിക്കാട് വെച്ച് പ്രതിയെ പിടികൂടി പരിശോധന നടത്തിയപ്പോള്‍ ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന മൊബൈല്‍ പിടികൂടി. കയ്യിലുണ്ടായിരുന്ന 2830 രൂപയും പിടിച്ചെടുത്തു. ഇടപാടുകാര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഗൂഗിള്‍ പേ വഴി പണം ശേഖരിക്കുകയാണ് ഇയാളുടെ രീതി. നിരവധി പേര്‍ പണമയച്ചതായി പരിശോധനയില്‍ വ്യക്തമായി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചൂതാട്ട സംഘത്തില്‍ കൂട്ടുപ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. എഎസ്‌ഐ ലക്ഷ്മണന്‍, സി പി ഒ സുരേഷ്, കൂടാതെ ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളായ അജിത്ത് പള്ളിക്കര, ജ്യോതിഷ്, സുധീഷ് ഓരി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
