കാസര്‍കോട്: തളിപ്പറമ്പ്, മുയ്യത്തെ വീട്ടമ്മയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത ഒന്നേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുകയായിരുന്ന ബേക്കല്‍, ഉദുമ, വെടിത്തറക്കാല്‍ പാക്യാര ഹൗസിലെ മുഹമ്മദ് ഇജാസ് (23), സുള്ള്യയിലെ അബ്ദുല്‍ റഹ്‌മാന്‍ (30) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മാല കാസര്‍കോട്ടെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി വ്യക്തമായത്. തുടര്‍ന്ന് പ്രതികളെയും കൂട്ടി കാസര്‍കോട്ടെത്തിയ തളിപ്പറമ്പ് പൊലീസാണ് മാല കണ്ടെത്തിയത്.
മെയ് 22ന് ആണ് മുയ്യം, വരഡൂര്‍ ക്ഷേത്രത്തിനു സമീപത്തെ പടിക്കലെ വളപ്പില്‍ ടി. സുലോചന (64)യുടെ കഴുത്തില്‍ നിന്നു ബൈക്കില്‍ എത്തിയ സംഘം മാല പൊട്ടിച്ചെടുത്തത്. മുഹമ്മദ് ഇജാസിനെ പിടികൂടി ബേക്കല്‍ പൊലീസാണ് തളിപ്പറമ്പ് പൊലീസിനു കൈമാറിയിരുന്നത്. ഇയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ കാപ്പ കേസും ഹൊസ്ദുര്‍ഗ്, ബേഡകം സ്റ്റേഷനുകളില്‍ പിടിച്ചു പറി കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.
