കാസര്‍കോട്: കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി. റോഡില്‍ ഭാസ്‌ക്കരനഗറില്‍ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ കാര്‍ റോഡരുകിലെ കുഴിയിലേയ്ക്ക് മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ എട്ടരമണിയോടെയാണ് അപകടം. ബെള്ളൂരിലെ ഉനൈസ്, ഇബ്രാഹിം നൗഷാദ് എന്നിവരും മറ്റു രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കുമ്പളയില്‍ നിന്നു മുള്ളേരിയ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു യുവാക്കള്‍. ഭാസ്‌ക്കരനഗറില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ കാര്‍ കള്‍വര്‍ട്ടിനുസമീപത്തെ വെള്ളം നിറഞ്ഞ കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെയാണ് യുവാക്കള്‍ കാറില്‍ നിന്നു പുറത്തിറങ്ങിയത്. കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്‌ക്കെടുത്തു.
സ്ഥിരം അപകടം നടക്കുന്ന സ്ഥലത്താണ് ബുധനാഴ്ചയും അപകടം ഉണ്ടായത്.
