കാസര്‍കോട്: ഹരിപുരം, പുല്ലൂരിലെ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അബുദാബിയില്‍ ജോലി ചെയ്യുന്ന പുല്ലൂര്‍, ദേശീയ പാതയോരത്തെ പി. പത്മനാഭന്റെ വീട്ടിൽ കവര്‍ച്ചാശ്രമം നടന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേര്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ചാണ് അകത്തു കടന്നത്. ഈ സമയത്ത് പത്മനാഭന്റെ ഭാര്യ സൗദാമിനി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വീടിന്റെ മുകള്‍ നിലയിലെ മുറിയിലായിരുന്നു ഇവർ. താഴത്തെ നിലയിലെ വാതില്‍ കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട സൗദാമിനി അമ്മയ്‌ക്കൊപ്പം ആസ്പത്രിയിലായിരുന്ന ഭര്‍ത്താവ് പത്മനാഭനെ ഫോൺ ചെയ്ത് വിവരമറിയിച്ചു. പത്മനാഭന്‍ വിവരം നാട്ടിലുള്ള സുഹൃത്തുക്കളെ അറിയിച്ചു. തുടർന്ന് സിപിഎം മധുരമ്പാടി ബ്രാഞ്ച് സെക്രട്ടറി പ്രകാശനും സഹോദരന്‍ മോഹനനും സ്ഥലത്തെത്തുമ്പോള്‍ കവര്‍ച്ചക്കാര്‍ വീട്ടിനു അകത്തുണ്ടായിരുന്നു. ഇരുവരും വീട്ടിനകത്തേക്ക് കടന്നയുടന്‍ അപകടം മണത്തറിഞ്ഞ കവര്‍ച്ചക്കാര്‍ വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ടു തകര്‍ത്തു സമീപത്തെ പറമ്പിലേക്ക് ഓടിരക്ഷപ്പെട്ടു. വീട്ടില്‍ നിന്നു കൈക്കലാക്കിയ അരലക്ഷത്തോളം രൂപ മൂല്യം വരുന്ന ദിര്‍ഹവും ബാഗും വീട്ടിനകത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് എത്തിയ അമ്പലത്തറ പൊലീസും നാട്ടുകാരും മോഷ്ടാക്കള്‍ക്കായി വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കവര്‍ച്ചയ്ക്കു പിന്നില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നാണ് പൊലീസിന്റെ സംശയം. സമയം നേരത്തെ തെരഞ്ഞെടുത്തത് കവര്‍ച്ചക്കാര്‍ക്കിടയിലുള്ള പുതിയ രീതിയാണെന്നു പൊലീസ് വിലയിരുത്തുന്നു. വാതില്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് മുകള്‍ നിലയിലായിരുന്ന സൗദാമിനി താഴേക്ക് ഇറങ്ങി വരാതിരുന്നത് നല്ലതായെന്ന വിലയിരുത്തലിലാണ് പൊലീസ് സംഘം.
