കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ജന്‍ക്ഷന്‍ മുതല്‍ ചീരുംബാ റോഡ് ചേരങ്കൈ വരെ പൊട്ടി പൊളിഞ്ഞ് പാതാള കുഴികള്‍ പ്രത്യക്ഷപ്പെട്ടു. മഴക്കാലമായതിനാല്‍ മഴവെള്ളം നിറഞ്ഞ് കവിയുന്ന കുഴികളില്‍ ഇരുചക്ര വാഹനങ്ങളിലും, ഓട്ടോ റിക്ഷകളിലും യാത്ര ചെയ്യുന്നവര്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നു. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് കൂടുതലും അപകടത്തില്‍ പെടുന്നത്. കാല്‍നട യാത്രക്കാരും സമാനമായ ബുദ്ധിമുട്ടിലാണ്. മുനിസിപ്പല്‍ ചെയര്‍മാന്റെ വാര്‍ഡിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ എന്താണ് തടസ്സം? -എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഗ്രാമീണ മിഷന്‍’പദ്ധതി പാക്കേജി’ല്‍ ഉള്‍പ്പെടുത്തിയ റോഡാണിത്. അതില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച തുകയും പെടും. ചീരുംബാ റോഡിന്റെ അറ്റകുറ്റ പണിക്ക് നാല്‍പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിന്റെ പണി ആരംഭിച്ചിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കുകയാണ്. മുനിസിപ്പാലിറ്റിയുടെ കുടിവെള്ളം പൈപ്പുകളിടാന്‍ റോഡ് സൈഡില്‍ കുഴിയെടുത്തെങ്കിലും പകുതി ഭാഗം അടച്ചിട്ടില്ല. കോണ്‍ക്രീറ്റ് ചെയ്യാത്ത ഭാഗത്ത് വാഹനങ്ങള്‍ മറ്റു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ ടയര്‍ കുഴിയില്‍ കുടുങ്ങി പോകുന്നത് പതിവാണ്. ഈ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് എന്നാണ് അറുതിയുണ്ടാവുകയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. നഗരസഭ പൊതുമരാമത്തിന്റെ നിസ്സംഗതയാണ് ഈ റോഡിന്റെ അറ്റകുറ്റ പണി വൈകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ കഴിഞ്ഞ തവണ വാര്‍ഡുകളില്‍ നിന്നും ജയിച്ചു പോയവരെല്ലാം പുഞ്ചിരിയോടെ രംഗത്ത് വരികയും, നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി അല്ലറ ചില്ലറ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ കാട്ടികൂട്ടുകയും ചെയ്യും. അതുവരെ അവരെ ആ പ്രദേശത്ത് കാണാന്‍ പറ്റുകയില്ല. ഇതാണ് നാടിന്റെ വികസത്തിന് മുരടിപ്പ് സംഭവിക്കാന്‍ കാരണമാകുന്നത്. ഇതിനെതിരെ നാട്ടുകാരുടെ മുറുമുറുപ്പും, പ്രതിഷേധവും പ്രകടമാവുന്നു.
