കാസര്‍കോട്: ജനറല്‍ ആശുപത്രിയോട് അവഗണന കാട്ടുന്നുവെന്ന് ആരോപിച്ച് ഡിവൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് നഗരത്തില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരസഭാ ഓഫീസ് പരിസരത്ത് വച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് അനുനയിപ്പിച്ചാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി മിഥുന്‍ രാജ് ആധ്യക്ഷം വഹിച്ചു. പ്രവീണ്‍ പാടി, അജിത്ത് പാറക്കട്ട, വിനയന്‍ ചാത്തപ്പാടി, സബീന്‍ ബട്ടംപാറ, ഇ മാര്‍ട്ടിന്‍, അശ്വതി, സുഭാഷ് പാടി സംസാരിച്ചു.
