കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടിക്കുളത്തെ അടച്ചിട്ട വീട്ടിനകത്തും കടയിലും സൂക്ഷിച്ചിട്ടുള്ള പുരാവസ്തുക്കളെ കുറിച്ചുള്ള പരിശോധനയ്ക്കായി പുരാവസ്തു അധികൃതര്‍ എത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ തൃശൂര്‍ മേഖലാ ഓഫീസിലെ പുരാവസ്തു വിദഗ്ദ്ധരായ മൂന്നു പേരാണ് കോട്ടിക്കളത്ത് എത്തി പരിശോധന ആരംഭിച്ചത്.
ഷട്ടറിട്ട കടയില്‍ നിന്നു നേരത്തെ കണ്ടെത്തി ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വാളുകളും തോക്കുകളുമാണ് ആദ്യം പരിശോധിച്ചത്. അതിനു ശേഷം വീട്ടിലും അടച്ചിട്ടിരിക്കുന്ന കടയിലും പരിശോധന നടത്തും. കടതുറന്നുള്ള പരിശോധനയ്ക്കിടയില്‍ പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ സ്ഥലത്തെത്തുന്നതിനു പാമ്പു പിടുത്ത വിദഗ്ദ്ധരെയും തയ്യാറാക്കിയിട്ടുണ്ട്.
ആള്‍ താമസം ഇല്ലാത്ത വീട്ടിലും കടയിലും സുപ്രധാന പുരാവസ്തുക്കള്‍ ഉള്‍പ്പെട്ട നിധിശേഖരം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എംവി ശ്രീദാസും സംഘവും ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് പുരാവസ്തു ശേഖരം കണ്ടെത്തിയത്. പരിശോധനയ്ക്കിടയില്‍ പാമ്പ് പ്രത്യക്ഷപ്പെട്ടതോടെ പൊലീസ് ദൗത്യം ഉപേക്ഷിക്കുകയും വീടും കടയും സീല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആര്‍ക്കിയോളജി അധികൃതരെ വിവരം അറിയിച്ചു.
അതേസമയം കോട്ടിക്കുളത്തെ പുരാവസ്തു ശേഖരത്തെ കുറിച്ച് പല തരത്തിലുള്ള കഥകളും നാട്ടില്‍ പ്രചരിക്കുന്നുണ്ട്. പത്മനാഭ സ്വാമിയുടെ തിരുവായുധങ്ങളും ടിപ്പു സുല്‍ത്താന്റെ വാളും കാണിച്ച് സ്ഥലത്തെ ചിലര്‍ കോടികള്‍ സമ്പാദിച്ചതായുള്ള കാര്യമാണ് പ്രചരിക്കുന്ന കഥകളില്‍ പ്രധാനം. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
