കുമ്പള: ദേശീയപാതയിലെ കുമ്പള ആരിക്കാടിയില്‍ ടോള്‍ ബൂത്ത് നിര്‍മ്മിക്കുന്നതിനെതിരെ ആക്ഷന്‍കമ്മിറ്റി മാര്‍ച്ച് നടത്തി.
കുമ്പള ബദിയഡുക്ക റോഡില്‍ നിന്നാരംഭിച്ച ബഹുജനമാര്‍ച്ച് പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ ഉദ്ഘാടനം ചെയ്തു. രഘുദേവന്‍ മാസ്റ്റര്‍, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയതിന് സമരസമിതി നേതാക്കളും വിവിധ പാര്‍ട്ടി ഭാരവാഹികളുമടക്കം 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വിവിധ പാര്‍ട്ടികളുടെയും വ്യാപാരി സംഘടനയുടെയും പൊതുജനങ്ങളുടെയും സഹകരണത്തിലായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. എ കെ ആരിഫ്, സി എ സുബൈര്‍, അഷ്‌റഫ് കാര്‍ള, അന്‍വര്‍, ലക്ഷ്മണപ്രഭു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരക്കാര്‍ ടോള്‍ ബൂത്ത് നിര്‍മ്മാണം തടസ്സപ്പെടുത്തിയാല്‍ അവരെ നേരിടുന്നതിന് ശക്തമായ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ടോള്‍ബൂത്ത് എല്ലാകാര്യങ്ങള്‍ക്കും മംഗളൂരുവിനെ ആശ്രയിക്കേണ്ടിവരുന്ന സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍എന്തൊക്കെയാണ സ മാര്‍ച്ചിലും തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തിലുംഎടുത്തു പറഞ്ഞു. വികസനത്തിന് ജനങ്ങള്‍ എതിരല്ല. വികസനത്തിന്റെ മറവില്‍ ശാശ്വതമായ പീഡനത്തിന് ഇരയാകേണ്ടിവരുന്ന അവസ്ഥ അനുവദിക്കാനാവില്ലെന്നും പ്രാസംഗികര്‍ എടുത്തുപറഞ്ഞു. ടോള്‍ബൂത്ത് സംബന്ധിച്ച വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രകടിപ്പിക്കുന്ന ഉദാരസമീപനത്തെ അവര്‍ പ്രകീര്‍ത്തിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നയം നടപ്പാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ധിക്കാരപരമായ നിലപാടാണ് പിന്തുടരുന്നതെന്നും അതിനെ ന്യായീകരിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.



