കണ്ണുകള്‍ രണ്ടും മൂടിക്കെട്ടി, വലത് കൈയില്‍ ഒരു തുലാസ് തൂക്കിപ്പിടിച്ച് നില്‍ക്കുന്ന വനിത നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പ്രതീകം. വാദിയുടെയും പ്രതിയുടെയും മുഖം നോക്കാതെ, ആരുടെയും പക്ഷം ചേരാതെ, ന്യായാസനമായ കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടിട്ടുള്ള വ്യക്തമായ തെളിവുകള്‍ മാത്രം നോക്കി വിധി പറയണം, ന്യായാധിപന്മാര്‍ എന്നാണ് ഉദ്ദേശിക്കുന്നത്. ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യത്തിന്റെ നിജസ്ഥിതിയും, ഗുരുലഘുത്വവും മാത്രം നോക്കി ശിക്ഷ വിധിക്കണം. അല്ലെങ്കില്‍ കുറ്റവിമുക്തനാണെന്ന് സകാരണം പറയണം.
പക്ഷേ, ചില കോടതി നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ നെറ്റിചുളിഞ്ഞു പോകുന്നു. സംശയം അരിച്ചു കയറുന്നു. ഉദാഹരണങ്ങള്‍ നല്‍കി വ്യക്തമാക്കട്ടെ. പത്ര വാര്‍ത്തകള്‍ അവലംബം.
അശ്ലീല വീഡിയോ കാണിച്ച് ഭയപ്പെടുത്തി പതിനാല് കാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസ്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ഇര. പീഡന വിവരം ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയത്രെ. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യം പീഡിപ്പിച്ചതെന്നു പരാതിയില്‍ പറയുന്നു. ഇപ്പോള്‍, വയസ്സ് പതിനാല്. ഇനിയും ഇത് തുടരാന്‍ അനുവദിച്ചു കൂടാ. വീട്ടില്‍ അറിയിച്ചു. അഥവാ, കൗണ്‍സിലിങ്ങില്‍ മൊഴി നല്‍കി.
മുളിയാര്‍, കോളംകോട്ടെ കെ എസ് സുകുമാരന്‍ (വയസ്സ്-45) ആണ് കുറ്റാരോപിതന്‍. അന്വേഷണം, കുറ്റപത്ര സമര്‍പ്പണം ഇത്യാദി നടപടികള്‍ പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ്ഗ് അതിവേഗ പോക്‌സോ കോടതി മുമ്പാകെ കേസ് എത്തി. ജഡ്ജി പി എസ് സുരേഷ് കേസ് പരിഗണിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറഞ്ഞു. എഴുപത്തേഴ് കൊല്ലം കഠിന തടവും രണ്ട് ലക്ഷത്തി ഒമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം ഏഴുമാസം കൂടി അധികത്തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ ഗംഗാധരന്‍ ഹാജരായി.
വാര്‍ത്ത വായിച്ചിട്ടുള്ളവരെല്ലാം പറഞ്ഞിട്ടുണ്ടാകും, നന്നായി; അങ്ങനെത്തന്നെവേണം. ശിക്ഷയില്‍ ഒരു ഇളവും കൊടുക്കരുത്. പരോള്‍ അനുവദിക്കാന്‍ പാടില്ല. പരോളില്‍ പുറത്തിറങ്ങിയാല്‍, പഴയ പണിചെയ്യില്ല എന്ന് എന്താണ് ഉറപ്പ്? ഇപ്പോള്‍ പ്രതിക്ക് 45 വയസ്സ്. എഴുപത്തേഴ് കൊല്ലം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങുമ്പോള്‍ 122 വയസ്സാകും.
ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ദിവസത്തെ (20-08-2025) പത്രത്തില്‍ത്തന്നെ തൊട്ടു താഴെ സമാനമായ മറ്റൊരു റിപ്പോര്‍ട്ടുണ്ട്. കാസര്‍കോട് അതിവേഗ കോടതി വിധിപറഞ്ഞ കേസിനെ കുറിച്ച്. വകുപ്പ് പോക്‌സോ തന്നെ.
പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് മദ്രസാ അധ്യാപകന്‍. ചെമ്മനാട് ചേക്കരംകോട്ടെ യൂസഫ് മൗലവി. വയസ്സ്-41. ആണ്‍കുട്ടിയെ ആയത് കൊണ്ട് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം. കാസര്‍കോട് അതിവേഗ പ്രത്യേക കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ആണ് കേസ് പരിഗണിച്ചത്. ശിക്ഷ പത്തുവര്‍ഷം കഠിന തടവും 50 ആയിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധികകാലം അധികത്തടവ്.
ആദ്യം പറഞ്ഞത് പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന്റെ കാര്യം. രണ്ടാമത്തേത് പതിനൊന്നു വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധം ചെയ്ത കേസ്. പോക്‌സോ നിയമപ്രകാരമാണ് രണ്ട് കേസും. എന്നിട്ടും ശിക്ഷകളില്‍ വലിയ വ്യത്യാസം. ഒരു കേസില്‍ എഴുപത്തേഴ് വര്‍ഷം തടവ്. മറ്റതില്‍ പത്തും. പിഴയോ? രണ്ട് ലക്ഷത്തി ഒമ്പതിനായിരം രൂപ ആദ്യത്തേതില്‍. രണ്ടാമത്തേതില്‍ അമ്പതിനായിരം രൂപ. ചെമ്മനാട് ചേക്കരംകോട്ടെ യൂസഫ് മൗലവിയുടേതിന്റെ (മദ്രസാ അധ്യാപകനാണ്) നാലിരട്ടിയിലധികം രൂപ പിഴ. തടവുകാലം ഏഴിരട്ടിയിലേറെ.
എന്താണ് വിധിക്കുന്ന ശിക്ഷയുടെ മാനദണ്ഡം എന്നു വായനക്കാര്‍ സംശയിച്ചു പോവുന്നു. വിചാരണ ചെയ്ത് വിധി പറയുന്ന ന്യായാധിപന്മാരുടെ നിയമത്തോടുള്ള കാഴ്ച്ചപ്പാടിന്റെ പ്രതിഫലനമാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതു ശിക്ഷാനിയമത്തിന്റെ കുഴപ്പമാണെന്ന്ഉറപ്പല്ലേ? നിയമത്തിനു നിക്ഷ്പക്ഷത കൈവിടാമോ?
പ്രോസിക്യൂട്ടര്‍മാരായ അഡ്വ. ഗംഗാധരന്റെയും അഡ്വ. എ കെ പ്രിയയുടെയും നിയമ വിശകലന പാടവത്തിലെ ഏറ്റക്കുറവുകളാവുമോ ഇതിനു കാരണം? അങ്ങനെയാണെങ്കില്‍ അതും നിയമത്തിന്റെ നിക്ഷ്പക്ഷതക്കു ഭീക്ഷണിയല്ലേ?
നിയമവും നീതിയും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ നീതി നിര്‍വ്വഹണത്തിനു വേണ്ടി നിയമം വളയ്ക്കാന്‍ തയ്യാറാകണം എന്ന് സുപ്രീംകോടതി ജഡ്ജി ആയി വിരമിച്ച ജസ്റ്റീസ് കെ ടി തോമസ് പറഞ്ഞിട്ടുണ്ട്. ഈ ചിന്താഗതിയുമായി വളരെ പൊരുത്തമുണ്ടായിരുന്ന മറ്റ് ചില അഭിഭാഷകരുടെ പേര്‍ പറയുന്നു. (ആത്മകഥ: സോളമന്റെ തോനീച്ചകള്‍ പേജ്: 69) അപൂര്‍വ്വത്തില്‍ അപൂര്‍വ്വം എന്ന് വിശേഷിപ്പിച്ചിട്ടും പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാതെ, ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കേസുകളെക്കുറിച്ചും- പേജ് 349).
