കുമ്പള: പരാതിക്കാരനെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് എതിര്‍ കക്ഷിയുടെ മുന്നില്‍വച്ചു ഇന്‍സ്‌പെക്ടര്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ബി. വിക്രംപൈ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് ചീഫ്, വിജിലന്‍സ് ഡിവൈ.എസ്.പി, കുമ്പള സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരോട് പരാതിപ്പെട്ടു.
സംസ്ഥാനത്തെ നിയമസംവിധാനത്തെ സാധാരണക്കാരെ ഭീഷണിപ്പെടുത്താനുള്ള ഉപാധിയാക്കുന്ന നിയമപാലകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയില്‍ പറഞ്ഞു. കുമ്പള രഘുനാഥ് കൃപയിലെ ബി വിക്രംപൈയാണ് മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കിയത്.
കുമ്പള നായിക്കാപ്പില്‍ 2005ല്‍ താന്‍ വാങ്ങിയ ഒരേക്കര്‍ മൂന്ന് സെന്റ് സ്ഥലം വൃത്തിയാക്കിയിട്ടതിനെ തുടര്‍ന്ന് പ്രസ്തുത സ്ഥലം അതിനു തൊട്ടു മുന്നിലുള്ള വസ്തു ഉടമ വിലക്ക് ആവശ്യപ്പെട്ടിരുന്നു. തല്‍ക്കാലം വസ്തു വില്‍ക്കുന്നില്ലെന്നു അറിയിച്ചതിനെ തുടര്‍ന്ന് തന്റെ വസ്തുവിലേക്കുള്ളതും തലമുറകളായി ഈ വസ്തുവിന്റെ ഉടമകളായിരുന്നവര്‍ ഉപയോഗിച്ചിരുന്നതും അതിനു ശേഷം താന്‍ നികുതി അടച്ച് അനുഭവിക്കുന്നതുമായ സ്വകാര്യ സ്ഥലം മുന്നിലെ വസ്തു ഉടമയെന്ന പേരില്‍ രണ്ട് വ്യക്തികള്‍ വഴിയടച്ചു കയ്യേറാന്‍ ശ്രമിക്കുകയും വഴിയില്‍ ജെസിബി ഉപയോഗിച്ച് വന്‍ കുഴികളുണ്ടാക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറഞ്ഞു. ഇതിനെതിരെ കുമ്പള ഇന്‍സ്‌പെക്ടര്‍ക്ക് പരാതി കൊടുക്കുകയും അദ്ദേഹം തന്നെയും എതിര്‍കക്ഷിയെയും സ്റ്റേഷനില്‍ വിളിപ്പിച്ച് വഴി പഴയ രീതിയിലാക്കണമെന്ന് എതിര്‍കക്ഷിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇരു കൂട്ടരെക്കൊണ്ടും സ്‌റ്റേഷന്‍ റിക്കോര്‍ഡുകളില്‍ ഒപ്പുവെപ്പിച്ചു. എന്നാല്‍ അതിനു ശേഷം നടപടി എടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. എന്നിട്ടും നടപടിയില്ലാഞ്ഞു എതിര്‍കക്ഷി വഴിയിലെടുത്ത കുഴികള്‍ താന്‍ നികത്തി വഴി പഴയപോലെയാക്കുകയും ചെയ്തു. ഇതിനെതിരെ വഴിയടക്കാന്‍ ശ്രമിച്ച ആള്‍ പൊലീസില്‍ പരാതി നല്‍കുകയും സിഐ വീണ്ടും രണ്ടു കൂട്ടരെയും വിളിപ്പിച്ച് വഴി തടസ്സപ്പെടുത്തിയ ആളിന്റെ മുന്നില്‍ വച്ചു തന്നെ അസഭ്യം പറയുകയും ജയിലില്‍ കിടത്തുമെന്ന് താക്കീത് ചെയ്യുകയും ആയിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. കാസര്‍കോട് മുന്‍സിഫ് കോടതിയില്‍ ഇതു സംബന്ധിച്ചു കേസ് നിലവിലിരിക്കെയാണ് അതിനെതിരെ പൊലീസ് തന്നെ ഭീഷണിപ്പെടുത്തുകയും പ്രാകൃത രീതിയില്‍ അസഭ്യ പ്രയോഗം നടത്തുകയും ചെയ്തതെന്ന് മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയില്‍ അദ്ദേഹം പറഞ്ഞു.
നീതിയുറപ്പാക്കാന്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്നവര്‍ സ്വാഭാവിക നീതി പോലും ലംഘിക്കാന്‍ കച്ച കെട്ടി നില്‍ക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുകയും തനിക്ക് സ്വാഭാവിക നീതി ഉറപ്പാക്കുകയും വേണമെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
