കാസര്‍കോട്: വീട്ടനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 2,71,000 രൂപ പിഴയും. കര്‍ണ്ണാടക, കുടക്, നാപോക്ക് സ്വദേശി സലീമി(38)നെയാണ് ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ട്രാക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ കാതുകളില്‍ നിന്നു ബലമായി ഊരിയെടുത്ത കമ്മലുകള്‍ വില്‍ക്കാന്‍ സഹായിച്ച രണ്ടാം പ്രതിയും സലീമിന്റെ സഹോദരിയുമായ സുനൈബയെ ഒരു ദിവസത്തെ തടവിനും 1000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. 2024 മെയ് 15ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണക്കമ്മല്‍ കവര്‍ന്ന ശേഷം വഴിയിലുപേക്ഷിച്ചെന്നാണ് കേസ്. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന് സമീപത്തെ പറമ്പില്‍ വച്ച് പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പേടിച്ചരണ്ട ബാലിക ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതി സ്വര്‍ണം വില്‍പ്പന നടത്തി കുടകിലേക്ക് സ്ഥലം വിടുകയായിരുന്നു.
സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതി മറ്റൊരു ഫോണില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് വീട്ടിലേക്ക് വിളിച്ചു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഫോണ്‍ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തതോടെ സലീമിനെക്കുറിച്ച് സൂചന ലഭിച്ചു. ഒടുവില്‍ ആസൂത്രിതമായ നീക്കത്തിനൊടുവില്‍ സലിം പൊലിസിന്റെ വലയിലായി. ആന്ധ്രപ്രദേശില്‍ ഒളിവില്‍ കഴിയവെയാണ് സലിം പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാകുന്നത്.
തട്ടിക്കൊണ്ട് പോകല്‍, പോക്‌സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടില്‍ അതിക്രമിച്ച് കയറുക തുടങ്ങിയ വകുപ്പുകളാണ് സലീമിനെതിരെ ചുമത്തിയത്. മോഷ്ടിച്ച കമ്മല്‍ പിന്നീട് കണ്ണൂര്‍ കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. അന്നത്തെ
ഹോസ്ദുര്‍ഗ് സി.ഐ ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 300 പേജുള്ള കുറ്റപത്രത്തില്‍ പ്രതിയുടെ ഡിഎന്‍എ പരിശോധന ഫലമടക്കമുള്ള 42 ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തിയിരുന്നു. സലീം കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടയാള്‍, ബൈക്കില്‍ കയറ്റിക്കൊണ്ടുപോയയാള്‍ എന്നിവരുള്‍പ്പെടെ 67 സാക്ഷികളെ വിസ്തരിച്ചിരുന്നു. സലീം നേരത്തെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്നും കുറ്റപത്രത്തിലുണ്ട്. കുടകില്‍ ഇയാള്‍ക്കെതിരെ മോഷണ കേസ് നിലവിലുണ്ട്.
