കാസര്‍കോട്: ബദിയഡുക്ക, ബോള്‍ക്കട്ടയില്‍ ബൈക്കില്‍ ജീപ്പിടിച്ചുണ്ടായ അപകടത്തില്‍ ബി എം എസ് പ്രവര്‍ത്തകന്‍ മരിച്ചു. മധൂര്‍, കോടി മജലിലെ വിജയകുമാര്‍ എന്ന പമ്മു (38)ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് നീര്‍ച്ചാലിലെ രാധാകൃഷ്ണനെ സാരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 6.45 മണിക്ക് ബദിയഡുക്ക, ബോള്‍ക്കട്ടയിലാണ് അപകടം. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു വിജയനും സുഹൃത്തും. ഇതിനിടയിലാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ വിജയന്‍ വഴി മദ്ധ്യേ മരണപ്പെട്ടു.
അപകടത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. ജീപ്പോടിച്ചിരുന്ന ആള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. പരേതനായ കൃഷ്ണന്‍- ഷീല ദമ്പതികളുടെ മകനായ വിജയന്‍ നിര്‍മ്മാണ തൊഴിലാളിയാണ്. സഹോദരങ്ങള്‍: ബിന്ദു, പ്രമോദിനി.
