കാസര്‍കോട്: യുവാവിനെയും ബന്ധുക്കളെയും അര്‍ധരാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. നാലു പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 11.45 മണിക്കാണ് കേസിനാസ്പദമായ സംഭവം. ബങ്കര, മഞ്ചേശ്വരം. കടിയാറിലെ ബസന്‍ബാവ മന്‍സിലിലെ മുഹമ്മദ് സമീറി (20)ന്റെ പരാതിയില്‍ ബങ്കര മഞ്ചേശ്വരത്തെ റഷീദിനും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. രാത്രിയില്‍ വീട്ടില്‍ എത്തിയ സംഘം മുഹമ്മദ് സമീറിനെയാണ് ആദ്യം വിളിച്ചുണര്‍ത്തിയത്. ഈ സമയത്ത് സഹോദരനും അളിയനും വീട്ടിനു പുറത്തേക്കിറങ്ങി. തുടര്‍ന്ന് മൂന്നു പേരെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കാരണം വ്യക്തമല്ല. പ്രതികളെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.
