കാസര്‍കോട്: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ നേരിയ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രക്തസാക്ഷികളായ ശരത് ലാൽ – കൃപേഷ് എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. മാർച്ച് ഏച്ചിലടുക്കത്ത് എത്തിയപ്പോൾ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പൊലീസ് അനുമതി ഇല്ലാതെയാണ് മാർച്ച് നടത്തിയത്. സംഘര്‍ഷാവസ്ഥയ്ക്കു സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ബേക്കല്‍ ഡിവൈ എസ് പി വി വി മനോജിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്. സുരക്ഷയുടെ ഭാഗമായി കണ്ണൂര്‍ മാങ്ങാട്ട് പറമ്പ് പൊലീസ് ക്യാമ്പില്‍ നിന്നു 50 സായുധ പൊലീസുകാരെ കൂടി പെരിയയില്‍എത്തിച്ചിരുന്നു. ഇരട്ടകൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രണ്ടാംപ്രതി ഏച്ചിലടുക്കത്തെ കെ അനില്‍ കുമാര്‍, എട്ടാം പ്രതി വെളുത്തോളിയിലെ സുബീഷ് എന്നിവര്‍ക്കാണ് പൊലീസ് റിപ്പോര്‍ട്ട് മറികടന്ന് പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ചുവെങ്കിലും ഇരുവര്‍ക്കും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.
