കാസര്‍കോട്: മദ്യലഹരിയില്‍ യുവാവ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ശല്യം ചെയ്യുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എത്തിയ എസ്.ഐ.യെ തള്ളിയിട്ട് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ കേസെടുത്ത നീലേശ്വരം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. പേരോല്‍, തെക്കന്‍ ബങ്കളം, മൂലക്കേ വീട്ടില്‍ രതീഷി (44) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പൊലീസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന രതീഷ് ശല്യം ചെയ്യുന്നു വെന്ന പരാതിയെ തുടര്‍ന്നാണ് എസ്.ഐ കെ.വി.രതീഷും സംഘവും എത്തിയത്. അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രതീഷ് പ്രകോപിതനായെന്നും ജീപ്പില്‍ കയറ്റുന്നതിനിടയില്‍ എസ്.ഐ യെ തള്ളിയിട്ട് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്ത് നീലേശ്വരം താലൂക്കാശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് രതീഷിനെ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
