കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മൂന്നാം വട്ടവും വിജയം നേടി ഭരണം നിലനിര്‍ത്തുന്നതിന് സി പി എം തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. ഭരണ തുടര്‍ച്ച നിലനിര്‍ത്തുന്നതിന് വിട്ടുവീഴ്ചയാകാമെന്നാണ് പാര്‍ട്ടിയില്‍ സജീവമായിട്ടുള്ള അഭിപ്രായം.
രണ്ടു തവണ എം എല്‍ എ ആയവര്‍ക്ക് മൂന്നാമതൊരു അവസരം നല്‍കേണ്ടതില്ലെന്നാണ് സി പി എമ്മിന്റെ പ്രഖ്യാപിത നിലപാട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഇതേ നിലപാട് തുടര്‍ന്നാല്‍ നിലവിലുള്ള 22 സിറ്റിംഗ് എം എല്‍ എ മാര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. ഇത്രയും പേരെ കൂട്ടത്തോടെ മാറ്റി നിര്‍ത്തുന്നത് വെല്ലുവിളി ഉയര്‍ത്തുമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ സജീവമാണ്. സിറ്റിംഗ് എം.എല്‍ എ മാരെ വീണ്ടും മത്സരിപ്പിച്ചാല്‍ വിജയം ഉറപ്പാണെന്ന അഭിപ്രായവും ശക്തമാണ്. നിലവിലുള്ള നിയമസഭയില്‍ സി പി എമ്മിനു 62 എംഎല്‍എമാരാണുള്ളത്. ഇവരില്‍ രണ്ടു തവണ മത്സരിച്ച 22 പേരെ ഒഴിവാക്കിയാല്‍ പുതുമുഖങ്ങളെ കണ്ടെത്തേണ്ടിവരും. മാത്രമല്ല പല മുതിര്‍ന്ന നേതാക്കള്‍ക്ക് പുറത്തു പോകേണ്ടിവരും. ഇതു ഗുണകരമാകില്ലെന്നും വെല്ലുവിളി ഉയര്‍ത്തുമെന്ന അഭിപ്രായവും ശക്തമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയെന്നാണ് സൂചന. മുന്‍ തീരുമാനം മാറ്റിയാല്‍ രണ്ടു തവണ എം എല്‍ എ ആയതിന്റെ പേരില്‍ മാറി നില്‍ക്കേണ്ടി വന്ന പലര്‍ക്കും ഒരു അവസരം കൂടി ലഭിക്കുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.
