കൊല്ലം: ചവറയിലെ കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി. ജഡ്ജി ഉദയകുമാറിനെതിരെയാണ് പരാതി. വിവാഹ മോചന കേസുകള്‍ക്ക് എത്തുന്ന സ്ത്രീകള്‍ക്കെതിരെ ജഡ്ജ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. മൂന്ന് സ്ത്രീകളുടെ പരാതികളാണ് ഇയാള്‍ക്കെതിരെ കൊല്ലം ജില്ലാ ജഡ്ജിന് ലഭിച്ചത്. കൊല്ലം ജില്ലാ ജഡ്ജി പരാതികള്‍ ലഭിച്ചതോടെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. നടപടികളുടെ ഭാഗമായി ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റി. കുടുംബ കോടതിയിലെത്തുന്ന വിവാഹ മോചനത്തിന് തയാറായി, മാനസികമായി തളര്‍ന്നിരിക്കുന്ന സ്ത്രീകളെ സാധാരണ അഭിഭാഷകരാണ് കൗണ്‍സിലിങ്ങിനും മറ്റും വിധേയരാകുന്നത്. എന്നാല്‍, ജഡ്ജി ഉദയകുമാര്‍ നേരിട്ട് ചേംബറിലേക്ക് വിളിച്ചുകൊണ്ട് അവരെ ലൈംഗികമായി അതിക്രമത്തിന് ശ്രമിച്ചു എന്നാണ് പരാതി. ചൊവ്വാഴ്ച ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൊല്ലം ജില്ല ജഡ്ജിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. ആറുമാസം മുമ്പ് കോഴിക്കോട് ജില്ലാ കോടതിയിലും സമാനമായ പരാതിയുണ്ടായിരുന്നു.
