കാസര്‍കോട്: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. അനുമതി ഇല്ലെങ്കിലും മാര്‍ച്ച് നടത്തുമെന്നു യൂത്ത് കോണ്‍ഗ്രസ്. സംഘര്‍ഷാവസ്ഥയ്ക്കു സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെതുടര്‍ന്ന് കനത്ത സുരക്ഷാ സജ്ജീകരണങ്ങളുമായി പൊലീസ്. ബേക്കല്‍ ഡിവൈ എസ് പി വി വി മനോജിന്റെ നേതൃത്വത്തിലായിരിക്കും പൊലീസ് സന്നാഹം ഒരുക്കുക. ഇതിന്റെ ഭാഗമായി കണ്ണൂര്‍ മാങ്ങാട്ട് പറമ്പ് പൊലീസ് ക്യാമ്പില്‍ നിന്നു 50 സായുധ പൊലീസുകാരെ കൂടി പെരിയയില്‍ എത്തിച്ചു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കണ്ണൂരില്‍ നിന്നും എത്തിയ പൊലീസ് സംഘം പെരിയ പൊലീസ് ക്യാമ്പില്‍ തുടരും.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കല്യോട്ട് സ്മൃതി കുടീരത്തില്‍ നിന്നായിരിക്കും മാര്‍ച്ച് ആരംഭിക്കുക. മാര്‍ച്ച് ഏച്ചിലടുക്കത്ത് എത്തിയ ശേഷം പ്രതിഷേധ ജ്വാല തെളിയിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ മാര്‍ച്ചിനു അനുമതിയില്ലെന്ന കാര്യം ബേക്കല്‍ പൊലീസ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇരട്ടകൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രണ്ടാംപ്രതി ഏച്ചിലടുക്കത്തെ കെ അനില്‍ കുമാര്‍, എട്ടാം പ്രതി വെളുത്തോളിയിലെ സുബീഷ് എന്നിവര്‍ക്കാണ് പൊലീസ് റിപ്പോര്‍ട്ട് മറികടന്ന് പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ചുവെങ്കിലും ഇരുവര്‍ക്കും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.
പൊലീസ് സുരക്ഷയുടെ ഭാഗമായി ശനിയാഴ്ച രാത്രി മുതല്‍ പെരിയ, കല്യോട്ട് പ്രദേശങ്ങളില്‍ പൊലീസ് പട്രോളിംഗ് ആരംഭിക്കും.
