കാസര്‍കോട്: ഉദുമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ശുദ്ധവായുവും തണലുമേകി നിന്ന മരങ്ങള്‍ മുറിച്ചു മാറ്റി ഇന്റര്‍ലോക്ക് പാകിയതില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്റര്‍ലോക്ക് ഇളക്കി മാറ്റി പ്രവര്‍ത്തകര്‍ മരതൈകള്‍ നട്ടു. പരിസ്ഥിതി പ്രവര്‍ത്തകരായ കെ.ടി ജയന്‍, സാഹിറ റഹ്‌മാന്‍, മോഹനന്‍ മാങ്ങാട്, കെ.വി കുഞ്ഞിക്കണ്ണന്‍, പി.കെ. മുകുന്ദന്‍, ജഗദീഷ് ആറാട്ട് കടവ്, ജയന്തി ടീച്ചര്‍, ബിന്ദു കല്ലത്ത്, ശ്രീജ പുരുഷോത്തമന്‍, ലിനി മനോജ്, അല്ലു അഹമ്മദ്, ശുഭ നെയ്യങ്ങാനം തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരാണ് തൈകള്‍ നട്ടത്.
ശനിയാഴ്ച രാവിലെ എത്തിയ പ്രവര്‍ത്തകര്‍ ‘ ഈ ഭൂമി നമ്മുടേതാണ്, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയ ശേഷം ‘പരിഹാര വനവല്‍ക്കരണ’ പരിപാടിയുടെ ഭാഗമായി ഇന്റര്‍ലോക്ക് ഇളക്കി കൂവളം, ഞാവല്‍, വേപ്പ് എന്നീ മരത്തൈകള്‍ നട്ടാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.
ഉദുമ പഞ്ചായത്ത് ഓഫീസിന്റെ മുന്‍വശം ഉണ്ടായിരുന്ന കൂവളം അടക്കമുള്ള മരങ്ങള്‍ കഴിഞ്ഞ ദിവസം വെട്ടിമാറ്റി ഇന്റര്‍ ലോക്കിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകര്‍ മരതൈകള്‍ നട്ടത്.
