കാസര്‍കോട്: കുമ്പള ആരിക്കാടിയിലെ ദേശീയപാതയില്‍ ടോള്‍ ബൂത്ത് നിര്‍മ്മാണം ശക്തമായ പൊലീസ് കാവലില്‍ രാവിലെ ആരംഭിച്ചു. അതേസമയം മുഴുവനാളുകളും 12 മണിക്ക് ടോള്‍ബൂത്ത് നിര്‍മ്മാണ സ്ഥലത്തിനടുത്തെത്തണമെന്ന് അക്ഷന്‍ കമ്മിറ്റി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു. ഈ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കുമ്പള ഇന്‍സ്‌പെക്ടര്‍ പി കെ ജിജേഷിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമെ ഒരു ബറ്റാലിയന്‍ സ്‌പെഷ്യല്‍ പൊലീസും സ്ഥലത്തേക്കു തിരിച്ചിട്ടുണ്ടെന്നു സൂചനയുണ്ട്. കുമ്പള സ്റ്റേഷനിലും പൊലീസുകാരെ സജ്ജരാക്കി നിറുത്തിയിട്ടുണ്ട്. ടോള്‍ബൂത്ത് നിര്‍മ്മാണം ഏതെങ്കിലും തരത്തില്‍ തടസ്സപ്പെടുത്താന്‍ ആരു ശ്രമിച്ചാലും കര്‍ശനമായി നേരിടുമെന്നു പൊലീസ് പറഞ്ഞു. ടോള്‍ ബൂത്ത് നിര്‍മ്മാണത്തിനെതിരെ വിവിധ സംഘടനകള്‍ ഹൈക്കോടതിയില്‍ അഞ്ചു പരാതികള്‍ നല്‍കിയിരുന്നെങ്കിലും കോടതി അവ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ടോള്‍ ബൂത്ത് നിര്‍മ്മാണവുമായി അധികൃതര്‍ മുന്നോട്ടു പോവുന്നത്.
