കാസര്‍കോട്: ബന്തിയോട്ട് ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പകുതി പൊളിച്ചു നീക്കിയ കെട്ടിടത്തിനു അകത്തു കാണപ്പെട്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്‌നാട്, തിരുനെല്‍വേലി, അഴങ്ങനേരി, നാലുവാസന്‍ കോട്ടയിലെ ജി ഗുരുസ്വാമി (70)യുടെ മൃതദേഹമാണെന്നാണ് കുമ്പള എസ് ഐ പ്രദീപ് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്. പൊലീസുകാരനായ സുബിനും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
ജൂലായ് 15ന് ആണ് ബന്തിയോട്ടെ കെട്ടിടത്തിനകത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു. മൃതദേഹം തിരിച്ചറിയാനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സ്ഥലത്തു നിന്നു ലഭിച്ച കീപാഡ് ഫോണ്‍ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തും തിരുനെല്‍വേലിയിലും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഗുരുസ്വാമിയുടേതാണെന്ന് വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.
