കാസര്‍കോട്: പെരിയ, മൂന്നാംകടവ് കയറ്റത്തില്‍ വീണ്ടും അപകടം. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. സുള്ള്യയില്‍ നിന്നു നേന്ത്രക്കായ ലോഡുമായി നീലേശ്വരത്തേയ്ക്കു പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ പിന്നോട്ട് നീങ്ങിയ പിക്കപ്പ് റോഡരുകിലെ എച്ച് ടി വൈദ്യുതി ലൈന്‍ കടന്നു പോകുന്ന തൂണില്‍ ഇടിച്ചാണ് നിന്നത്. തൂണു തകര്‍ന്നു. തൂണില്‍ ഇടിച്ചില്ലായിരുന്നുവെങ്കില്‍ സമീപത്തെ വലിയ കുഴിയിലേയ്ക്ക് വീഴുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. പിന്നില്‍ മറ്റു വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതും വന്‍ അപകടം ഒഴിവാക്കി.
നേരത്തെ നിരവധി അപകടം നടന്ന സ്ഥലത്താണ് ശനിയാഴ്ച രാവിലെയും അപകടം ഉണ്ടായത്. നാട്ടുകാര്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കു പരിഹാരം കാണാത്തതാണ് അപകടം തുടര്‍ കഥയാകാന്‍ കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. കാഞ്ഞങ്ങാട്- സുള്ള്യ അന്തര്‍ സംസ്ഥാന റൂട്ടില്‍ അടുത്തിടെയാണ് മൂന്നാം കടവ് വഴി കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചത്. കുണ്ടംകുഴിയില്‍ നിന്നു പെരിയ ദേശീയ പാതയില്‍ എത്താനുള്ള എളുപ്പവഴിയായതിനാല്‍ നൂറുകണക്കിനു വാഹനങ്ങളാണ് മൂന്നാം കടവ് വഴി പ്രതിദിനം കടന്നു പോകുന്നത്.