കാസര്‍കോട്: രഹസ്യ വിവരത്തെ തുടര്‍ന്ന് കോട്ടക്കണ്ണി, കുക്കം കൂടലിലെ വീട്ടില്‍ വിദ്യാനഗര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ശേഖരം പിടികൂടി. സംഭവത്തില്‍ പട്‌ള, പന്നിക്കൂടല്‍ ഹൗസിലെ എ മുഹമ്മദ് ഷെരീഫി (46)നെതിരെ പൊലീസ് കേസെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രി 8.40ന് ആണ് പൊലീസെത്തി വീട്ടിനകത്ത് പരിശോധന നടത്തി 2526 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതെന്നു വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഇരുനില കോണ്‍ക്രീറ്റ് വീട്ടിനകത്ത് പലഭാഗങ്ങളിലായാണ് പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.
മറ്റൊരു സംഭവത്തില്‍ 180 മില്ലിയുടെ 38 പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചെങ്കള, നാലാംമൈല്‍, തൈവളപ്പ് വലിയമൂലയിലെ സുധീറി (45)നെയാണ് അറസ്റ്റു ചെയ്തത്. ചെര്‍ക്കള, ഫ്‌ളൈ ഓവറിനു സമീപത്തു വച്ച് സ്‌കൂട്ടറില്‍ കടത്തുന്നതിനിടയിലാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നു വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
