ഡെറാഡൂൺ: അധ്യാപകൻ മർദ്ദിച്ച വിരോധത്തിനു വിദ്യാർത്ഥി അധ്യാപകനെ വെടിവച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ഗുരുനാനാക്ക് സ്കൂളിലാണ് അപൂർവമായ ഈ സംഭവം അരങ്ങേറിയത്. ക്ലാസ് മുറിക്കടുത്തു വെടിയേറ്റു വീണ അധ്യാപകനെ മറ്റ് അധ്യാപകർ ഉടൻ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയിൽ വെടിയുണ്ട പുറത്തെടുത്തു. അധ്യാപകനെ ഐ.സി.യു.വിലേക്കുമാറ്റി. അധ്യാപകനായ ഗംഗൻ ദീപ് സിംഗ് കോഹ്ലിയാണ് വെടിയേറ്റ് ആശുപത്രിയിലായത്. വെടിവയ്പിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സമരത്ത് ബജ്‌വ എന്ന വിദ്യാർത്ഥിയെ മറ്റു അധ്യാപകർ ഓടിച്ചിട്ടു പിടിച്ചു .ഇയാളെ പൊലീസിനു കൈമാറി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ ഉച്ചഭക്ഷണം കൊണ്ടുവരുന്ന ചോറ്റു പാത്രത്തിൽ ഒളിപ്പിച്ചാണ് വിദ്യാർത്ഥി കൈത്തോക്കു സ്കൂളിൽ കൊണ്ടു വന്നതെന്നു പൊലീസ് പറഞ്ഞു. രാവിലെ ക്ലാസ് കഴിഞ്ഞു അധ്യാപകരുടെ മുറിയിലേക്കു പോകാൻ ക്ലാസിൽ നിന്നു പുറത്തിറങ്ങിയ അധ്യാപകനെ വിദ്യാർത്ഥി തോക്കെടുത്തു വെടിവയ്ക്കുകയായിരുന്നു. തോക്ക് എവിടെ നിന്ന് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചു അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.
