കാസര്‍കോട്: കുമ്പളയില്‍ ദേശീയപാത ടോള്‍ ബൂത്ത് നിര്‍മ്മാണം പുനഃരാരംഭിച്ചു. ടോള്‍ ബൂത്ത് നിര്‍മ്മാണ വിവരമറിഞ്ഞു എ.കെ ആരിഫ്, അഷ്‌റഫ് കാര്‍ള, അന്‍വര്‍ ആരിക്കാടി, ലത്തീഫ് കുമ്പള, ഹര്‍ഷാദ് കുമ്പള, സി എ സുബൈര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി ടോള്‍ബൂത്തിലേക്കു മാര്‍ച്ച് ചെയ്തു. ടോള്‍ ബൂത്ത് നിര്‍മ്മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. ടോള്‍ ബൂത്തിനുവേണ്ടി എടുത്ത കുഴി തൊഴിലാളികളെ കൊണ്ട് അവര്‍ അടപ്പിച്ചു. തൊഴിലാളികള്‍ പണി നിറുത്തി മടങ്ങുകയും ചെയ്തു. സമരസമിതി ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കാന്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

കുമ്പളക്കടുത്ത് ആരിക്കാടി കടവത്തിനടുത്ത് നേരത്തെ ടോള്‍ ബൂത്ത് നിര്‍മ്മാണം ആരംഭിച്ചിരുന്നെങ്കിലും അതിനെതിരെ വിവിധ സംഘടനകളുടെയും ടോള്‍ ബൂത്ത് ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രക്ഷോഭമുണ്ടായിരുന്നു. നാഷണല്‍ ഹൈവേയുടെ ടോള്‍ബൂത്ത് സംബന്ധിച്ച വ്യവസ്ഥകള്‍ക്കെതിരെയാണ് കുമ്പളയില്‍ ടോള്‍ബൂത്ത് നിര്‍മ്മിക്കുന്നതെന്നും അതിനാല്‍ കുമ്പളയില്‍ ടോള്‍ബൂത്ത് നിര്‍മ്മാണം തടയണമെന്നും വിവിധ സംഘടനകള്‍ ഹൈക്കോടതിയില്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതി കോടതി തള്ളിക്കളഞ്ഞതിനെത്തുടര്‍ന്നാണ് വീണ്ടും ടോള്‍ബൂത്ത് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അതില്‍ വിധി ഉണ്ടാകുന്നതുവരെ ടോള്‍ബൂത്ത് നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയും സമരസമിതി പ്രതിനിധികള്‍ അറിയിച്ചു.