കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കവര്‍ച്ചാ പരമ്പര. നഗരത്തിന്റെ ഹൃദയഭാഗമായ എംജി റോഡിലെ മൂന്നു കടകളില്‍ കവര്‍ച്ചയും ഒരിടത്ത് കവര്‍ച്ചാ ശ്രമവുമുണ്ടായി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഫോര്‍ട്ട്‌റോഡ് സ്വദേശിനി ശാലിനിയുടെ ഉടമസ്ഥതയിലുള്ള വിന്നര്‍ ഫുട്‌വേയര്‍, യൂസഫിന്റെ ഉടമസ്ഥതയിലുള്ള മിനി മാര്‍ട്ട് ഗ്രോസറി ഷോപ്പ്, മാങ്ങാട്ടെ എം.കെ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ആശ്വാസ് കമ്മ്യൂണിറ്റി ഫാര്‍മസി, എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ചെങ്കള, പാണലത്തെ അബ്ദുല്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിയുടെ പൂട്ടു തകര്‍ത്തുവെങ്കിലും ഗ്രില്‍ നീക്കാന്‍ കഴിയാതിരുന്നതിനാല്‍ മോഷ്ടാക്കള്‍ക്ക് അകത്തേക്ക് കടക്കാനായില്ല.
യൂസഫിന്റെ കടയില്‍ നിന്നു അയ്യായിരത്തോളം രൂപ മോഷണം പോയി. രണ്ടു പാക്കറ്റ് ജ്യൂസ് കുടിച്ചാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. ജ്യൂസിന്റെ ഒഴിഞ്ഞ പാക്കറ്റുകള്‍ മേശപ്പുറത്ത് വച്ച നിലയില്‍ കണ്ടെത്തി. പൊലീസെത്തി പരിശോധിച്ചാലേ മറ്റു കടകളില്‍ നിന്നു എന്തൊക്കെ മോഷണം പോയതെന്നു വ്യക്തമാവുയെന്ന് കടയുടമകള്‍ പറഞ്ഞു.
