കാസര്‍കോട്: കാസര്‍കോട്ട് റോഡ് വികസിക്കുന്തോറും ഗതാഗതക്കുരുക്ക് മുറുകുന്നു. ടൗണിലെ ഗതാഗത തടസം അറുതിയില്ലാതെ തുടരുന്നു. സര്‍ക്കിളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. നാലു ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ജംഗ്ഷനില്‍ എത്തുമ്പോള്‍ വലിയ ഗതാഗത തടസ്സം തുടരുകയാണ്. തടസ്സം പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഓട്ടോ തൊഴിലാളികളും വ്യാപാരികളും സഹായികളായി എത്തുന്നു. ഇവിടെ രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗത കുരുക്ക് കൂടുതല്‍ ഉണ്ടാകുന്നത്.
ടൗണിലെ ട്രാഫിക് സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഏറെക്കാലമായി ഇതിനുവേണ്ടിയുന്നയിക്കുന്ന ആവശ്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ചു. ഒരുപാട് നിര്‍ദ്ദേശങ്ങളും ഇവര്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. വണ്‍വേ സംവിധാനം, റിംഗ് റോഡ് അങ്ങനെ പലതും. ടൗണിലെ ഗതാഗത കുരുക്ക് മാറ്റാന്‍ അടിയന്തിര നടപടി വേണമെന്ന് വ്യാപാരികള്‍ വീണ്ടും ആവശ്യപ്പെടുന്നു.
