കാസര്‍കോട്: പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നാലാം പ്രതിക്ക് ഒരു മാസത്തേയ്ക്ക് പരോള്‍ അനുവദിച്ചു. പെരിയ, ഏച്ചിലടുക്കത്തെ അനില്‍ കുമാറിനാണ് പരോള്‍ അനുവദിച്ചത്. ആഗസ്ത് 18 മുതല്‍ 30 ദിവസത്തേക്കാണ് പരോള്‍. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കണമെന്നും എല്ലാ ദിവസവും രാവിലെ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്നുമാണ് പരോള്‍ അനുവദിച്ചതിലെ പ്രധാന വ്യവസ്ഥ. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്.
2019 ഫെബ്രവരി 17 ന് രാത്രിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടി കൊലപ്പെടുത്തിയത്. കേസില്‍ ഒന്നു മുതല്‍ 10 വരെ പ്രതികളായ പീതാംബരന്‍, സജി സി ജോര്‍ജ്ജ്, കെ.എം സുരേഷ്, കെ.അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, രജ്ഞിത്ത് എന്നിവരെയാണ് ഏറണാകുളം സിബിഐ കോടതി ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
