കാസര്‍കോട്: ആവശ്യപ്പെട്ട അധിക സ്വര്‍ണ്ണം നല്‍കാത്ത വിരോധത്തില്‍ ഭാര്യയെ മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി പരാതി. ഭര്‍ത്താവിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ദേലംപാടിയിലെ എച്ച് റാഷിദ (22)യുടെ പരാതിയില്‍ ഭര്‍ത്താവും കുംബഡാജെ, ബെളിഞ്ചയിലെ വാടകവീട്ടില്‍ താമസക്കാരനുമായ ഇബ്രാഹിം ബാദുഷയ്‌ക്കെതിരെയാണ് കേസെടുത്തത്. കര്‍ണ്ണാടക, ഈശ്വരമംഗല, കാവ് സ്വദേശിയാണ് ഇബ്രാഹിം ബാദുഷ. 2018 മെയ് 18നാണ് ഇരുവരും മതാചാര പ്രകാരം വിവാഹിതരായത്. അതിനു ശേഷം ദമ്പതികള്‍ കാവുവിലെ വീട്ടിലായിരുന്നു താമസം. ഈ സമയത്ത് വിവാഹ സമ്മാനമായി നല്‍കിയ എട്ടുപവന്‍ സ്വര്‍ണ്ണവും അതു കൂടാതെ കൂടുതല്‍ സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നു റാഫിദ നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്നീടാണ് കുംബഡാജെ, ബെളിഞ്ചയിലേക്ക് താമസം മാറിയത്. ആഗസ്ത് ഏഴിന് ഉച്ചയ്ക്ക് 11.45 മണിക്ക് വാടകവീട്ടില്‍ വച്ച് പരാതിക്കാരിയെ അടിച്ചും ചീത്ത വിളിച്ചും ചവിട്ടുകയും ചെയ്ത ശേഷം മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നു റാഫിദ പരാതിയില്‍ പറഞ്ഞു. ആദൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
