കാസര്‍കോട്: മുളിയാറിലെ ബോവിക്കാനത്തു തെരുവു നായ്ക്കളെ വന്ധ്യംകരിക്കാന്‍ ഒന്നരക്കോടി രൂപ ചെലവില്‍ സ്ഥാപിച്ച എബിസി കേന്ദ്രം മൂന്നു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു കേന്ദ്രസംഘം അറിയിച്ചു.
കെട്ടിട നിര്‍മ്മാണം ദേശീയ മൃഗക്ഷേമ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് നടപ്പാക്കിയതെന്നു കേന്ദ്രം സന്ദര്‍ശിച്ച കേന്ദ്ര സംഘം സമ്മതിച്ചു. കേന്ദ്രം മാസങ്ങള്‍ക്കു മുമ്പു മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനം ചെയ്തിട്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി വൈകുന്നതില്‍ പ്രതിഷേധിച്ചു സിപിഐ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. അതേ സമയം ലക്ഷങ്ങള്‍ ചെലവിട്ടു കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തും തൃക്കരിപ്പൂര്‍ കൊയോങ്കരയിലും സ്ഥാപിച്ചിട്ടുള്ള എബിസി കേന്ദ്രങ്ങളില്‍ ഒരു നായയെ പോലും വന്ധ്യംകരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കുറ്റകരമായ അനാസ്ഥക്കെതിരെ ജനരോഷം ഉടലെടുക്കുന്നുണ്ട്.
