കുമ്പള: അഴിമതിക്കെതിരെ അണികൾ പരസ്പരം കടിച്ചു കീറിക്കൊണ്ടിരിക്കുന്ന കുമ്പള പഞ്ചായത്തിൽ മെമ്പർമാർ ഭക്ഷണത്തിനു മുമ്പിൽ ഒറ്റക്കെട്ട്. അഴിമതിക്കെതിരെ അടുത്തിടെ പഞ്ചായത്തിലും തെരുവിലും കാടിളക്കി ആഞ്ഞടിച്ച പ്രതിപക്ഷ മെമ്പർമാരും അഴിമതി ആരോപണത്തിനു വിധേയരായ ഭരണകക്ഷി മെമ്പർമാരും ഇതിനിടയിൽ രക്തസാക്ഷി പരിവേഷമണിഞ്ഞ സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച ഉച്ചക്കു കുമ്പളയിലെ മെച്ചപ്പെട്ട ഹോട്ടലിൽ ഒറ്റക്കെട്ടായി എത്തി ഒരു മേശക്കു ചുറ്റുമിരുന്നു സദ്യയുണ്ടു. അപൂർവ നിമിഷം അവർ അഭ്രപാളികളിൽ പകർത്തിവച്ചു. കുമ്പള ടൗണിലെ ബസ് സ്റ്റാൻ്റ് വെയ്റ്റിംഗ് ഷെഡ്ഡു നിർമ്മാണവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവിനെതിരെ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ നൽകിയ പരാതി, അഴിമതിയിൽ മുങ്ങിയ പഞ്ചായത്തു ഭരണ സാരഥികൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി.യും സി.പി.എമ്മും നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച്, അഴിമതി ഭരണത്തിനെതിരെ ബി ജെ.പി. അവതരിപ്പിച്ച അവിശ്വാസ പ്രമേയം, പൊതു ടോയ്ലറ്റ് അഴിമതിക്കെതിരെയുള്ള സമരം, ഫുട്പാത്തിലെ തെരുവുകച്ചവട വിരുദ്ധ സമരം, വിവാദ ബസ് വെയ്റ്റിംഗ് ഷെഡ്ഡിലെ കൂട്ട ഫോട്ടോയിൽ പെയിൻ്റടി, കൂട്ട ഫോട്ടോ വലിച്ചു കീറൽ തുടങ്ങിയ സമരങ്ങളുടെ പരമ്പരയിൽ കുമ്പള പഞ്ചായത്ത് ഇളകിമറിയുകയായിരുന്നു. അതിൻ്റെ അലയൊലി പഞ്ചായത്തിൽ ഇപ്പോഴു മുഴങ്ങു ന്നുണ്ട്. അതിനിടയിൽ ആദ്യമായി തിങ്കളാഴ്ച നടന്ന പഞ്ചായത്തു ഭരണസമതി യോഗം ഉച്ചഭക്ഷണ സമയത്തിനു മുമ്പു മതിയാക്കുകയും മെമ്പർമാർ വരിവരിയായി കുമ്പളയിലെ മുന്തിയ ഹോട്ടലിൽ എത്തി ഒരു മേശക്കു ചുറ്റുമിരുന്നു വിഭവ സമൃദ്ധമായ സദ്യ മൃഷ്ടാനം ഭക്ഷിക്കുകയും ചെയ്തു. അഴിമതിക്കും അതിനെതിരെയും കാടിളക്കി സമരം ചെയ്തവരും അതിനെ പല്ലും നഖവുമുപയോഗിച്ചു എതിർത്തവരും പ്രതിഷേധത്തിൻ്റെ ചൂടാറും മുമ്പു എല്ലാം പൊറുത്തും സഹിച്ചും ക്ഷമിച്ചും മറന്നും വറുത്ത കോഴിയെ തിന്നാൽ പട്ടാപ്പകൽ ഒറ്റക്കെട്ടായി കൂടിയിരുന്നതുകാണാൻ എന്തു ചേലായിരുന്നുവെന്നോ, എന്ന് ഈ അപൂർവ കാഴ്ചകാണാൻ പതുങ്ങി നിന്ന പ്രവർത്തകർ അതിശയിക്കുന്നു. അതേ സമയം വിവരമറിഞ്ഞ സാധാരണ പ്രവർത്തകർ ഇതിൽ കടുത്ത നീരസം പ്രകടിപ്പിച്ചു. ആസന്നമായ തിരഞ്ഞെടുപ്പിലും ഈ ആത്മബന്ധം മെമ്പർമാർ തുടരട്ടെയെന്ന് അവർ അഭിയപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നു പറയുന്നു. അതേസമയം നാലു മെമ്പർമാർ സമൂഹസദ്യയിൽ നിന്നു മാറിനിന്നതായും പറയുന്നുണ്ട്. ലീഗിൻ്റെയും ബിജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഓരോ അംഗങ്ങളും ഏക എസ്.ഡി.പി.ഐ. അംഗവുമാണ് കൂട്ടം തെറ്റിയതെന്നു പറയുന്നുണ്ട്. പാർട്ടികൾ അഴിമതിക്കും പക്ഷപാതത്തിനുമെതിരെ പോരടിക്കുമ്പോൾ പഞ്ചായത്തുമെമ്പർമാർ എല്ലാം പൊറുത്തും എല്ലാം സഹിച്ചും ഭക്ഷണത്തിനു മുന്നിൽ ഒത്തുകൂടുന്നതു രസകരമാണെങ്കിലും അതിലെന്തോ അസ്വാഭാവികതയില്ലേയെന്നു സാധാരണ വോട്ടർമാർ സംശയിക്കുന്നു. അടുത്തു നടക്കാനിരിക്കുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ എന്തു ന്യായം പറഞ്ഞാണു ഇവർക്കു വേണ്ടി പാവങ്ങളോടു വോട്ടു ചോദിക്കുന്നതെന്നു സജീവ പാർട്ടി പ്രവർത്തകർ നിസ്സഹായത പ്രകടിപ്പിച്ചു. 23 അംഗ പഞ്ചായത്തു ബോർഡിൽ ഒരു സ്വതന്ത്രനുൾപ്പെടെ എട്ടംഗങ്ങളാണ് ഭരണം നയിക്കുന്ന ലീഗിനുള്ളത്. കോൺഗ്രസിൻ്റെ രണ്ട് അംഗങ്ങളും ഒരു എസ്.ഡി.പി.ഐ. അംഗവും ഭരണകക്ഷിയെ പിന്തുണക്കുന്നു. ബി.ജെ.പി.ക്ക് ഒൻപതംഗങ്ങളുണ്ട്. സി.പി. എമ്മിനു രണ്ടു സ്വതന്ത്രരുൾപ്പെടെ മൂന്ന് അംഗങ്ങളാണുള്ളത്.
