കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിക്കിടയില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പൊലീസും കേസെടുത്തു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പനയാല്‍, ബട്ടത്തൂരിലെ എം. അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അടിച്ചു പരിക്കേല്‍പ്പിക്കല്‍, ജെ.ജെ.ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. ഇതോടെ അശോകന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. അതേസമയം കേസിന്റെ നിര്‍ണ്ണായക തെളിവായ മെഡിക്കല്‍ റിപ്പോര്‍ട്ട് ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിന്റെ തുടര്‍നടപടികള്‍ ഉണ്ടാവുകയെന്നാണ് സൂചന. കുട്ടി ചികിത്സ തേടിയത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്ച്ചയാണ് ബേഡകം പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരില്‍ നിന്നു മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിരുന്നു.
സംഭവം കുണ്ടംകുഴിയില്‍ വലിയ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ്, ബിജെപി, എസ് എഫ് ഐ നേതൃത്വത്തില്‍ സ്‌കൂളിലേയ്ക്ക് മാര്‍ച്ച് നടത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മഹിളാ മോര്‍ച്ചയും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
