കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടിക്കുളത്ത് അടച്ചിട്ട വീട്ടില്‍ വന്‍ പുരാവസ്തു ശേഖരം കണ്ടെത്തി. രഹസ്യവിവരത്തെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി.ശ്രീദാസ്, എസ് ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തില്‍ വീടു തുറന്നു നോക്കിയപ്പോഴാണ് പുരാവസ്തു ശേഖരം കണ്ടെത്തിയത്. ചെമ്പുപാത്രങ്ങള്‍, ചിലങ്കകള്‍, വാളുകള്‍ തുടങ്ങിയ സാധനങ്ങളാണ് വീട്ടിനകത്ത് ഉണ്ടായിരുന്നത്. ചില സാധനങ്ങളില്‍ അറബി എഴുത്തുകളും കണ്ടെത്തി. വാളുകളില്‍ ഒന്ന് മൈസൂര്‍ കൊട്ടാരത്തില്‍ നിന്നു മോഷണം പോയ വാളും ഉള്ളതായി സംശയിക്കുന്നു.
വീടിനോട് ചേര്‍ന്നുള്ള ഒറ്റമുറി കടയും പൊലീസ് തുറന്നു പരിശോധിച്ചു. ഈ സമയത്താണ് പുരാവസ്തു ശേഖരത്തിനു മുകളില്‍ പാമ്പ് കിടക്കുന്നത് കണ്ടത്. ഇതോടെ പൊലീസ് പരിശോധന നിര്‍ത്തി കടയും വീടും സീല്‍ ചെയ്തു. വിവരം പുരാവസ്തു അധികൃതരെ അറിയിച്ചിട്ടുണ്ട്. അവര്‍ എത്തിയ ശേഷമായിരിക്കും വിശദമായ പരിശോധന നടക്കുക.
