കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അംഗഡിപദവ്, ദുർഗ്ഗി പള്ളയിലെ കടവരാന്തയിൽ കാണപ്പെട്ട ചോര പാടുകൾ സംബന്ധിച്ച ആശങ്ക നീങ്ങി. പൊലീസ് രക്തത്തിന്റെ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെയാണിത്. കന്നുകാലികളുടെ രക്തമാണെന്നാണ് പരിശോധനാ റിപ്പോർട്ട്. ശനിയാഴ്ച്ച രാവിലെയാണ് ദുർഗ്ഗി പളളയിലെ കടവരാന്തയിൽ ചോര കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ഇ.അനൂപ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് സാമ്പിൾ ശേഖരിച്ചിരുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവം ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തിയത്. പരസ്പരം കൊമ്പുകോർത്തപ്പോൾ കൊമ്പ് ഒടിഞ്ഞതാണ് രക്തം ഒഴുകാൻ ഇടയാക്കിയത്. കൊമ്പ് ഒടിഞ്ഞ് ചോര ഒലിപ്പിക്കുന്ന നിലയിൽ ഒരു പശു നടന്നു പോകുന്ന ദൃശ്യങ്ങൾ സ്ഥലത്തെ സിസി ടി വി ക്യാമറയിൽ നിന്നു ലഭിച്ചിട്ടുണ്ട്
