നാരായണര്‍ പേരിയ
കൊള്ളേണ്ടേടത്ത് കൊള്ളണം- തോന്നേണ്ടത് തോന്നാന്‍. ഇപ്പോള്‍ ഇതാ, ആരുടെയോ തലയ്ക്ക് കൊണ്ടു; ന്യായബോധം ഉദിച്ചു.
തെരുവു നായകളെ പിടികൂടി കൂട്ടിലടക്കണം. പരിപാലിക്കണം- ഉന്നത ന്യായാസനത്തിന്റെ ഉത്തരവ്.
കുട്ടികളെ ബലികൊടുക്കരുത്; കണ്ടു നില്‍ക്കാനാവില്ല. തെരുവുനായകളുടെ കടിയേറ്റ് പേവിഷം ബാധിച്ച് സംഭവിക്കുന്ന മരണങ്ങളുടെ പെരുപ്പം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ തെരുവു നായകളെ ഒന്നൊഴിയാതെ പിടികൂടണം. കൂട്ടിലടയ്ക്കണം. അതിനാവശ്യമായ പരിപാലന കേന്ദ്രം എട്ടാഴ്ചയ്ക്കകം ആരംഭിക്കേണ്ടതാണ്.
രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയിലെ എന്ന് പറഞ്ഞത് കൊണ്ട് നഗര പരിധിയ്ക്കകത്ത് തന്നെയാകണം കേന്ദ്രം സ്ഥാപിക്കേണ്ടത് എന്ന് തെറ്റിദ്ധരിക്കേണ്ടാ; നഗരത്തിന് പുറത്ത് എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ ഉത്തരവ് എന്നും കോടതിക്ക് വേറെ ഉദ്ദേശമൊന്നുമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഡല്‍ഹിയില്‍ തെരുവുനായകളുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നതും മരണം സംഭവിക്കുന്നതും സംബന്ധിച്ച പത്രവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാക്കി ജുലായ് 28ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റീസ് മാരായ ജെ പി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന ഉത്തരവാണിത്.
നായ്ക്കളെ പേടിക്കാതെ തെരുവുലിറങ്ങാന്‍ സാധ്യമാകണം എന്ന സദുദ്ദേശ്യമേ കോടതിക്കുള്ളൂ; ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും- കോടതി വ്യക്തമാക്കി. ഈ വിഷയം ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുന്നതാണ് എന്നും അറിയിച്ചിട്ടുണ്ട്.
തെരുവു നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണം എന്ന് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ അഡ്വ. തുഷാര്‍മേത്തയും ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഈ വിഷയത്തില്‍ വേറൊരു നിലപാടില്ലെന്നും വ്യക്തമാക്കി. തെരുവു നായ്ക്കളെ അല്ലാതെ വളര്‍ത്തു നായ്ക്കളെ കോടതിയുടെ ഉത്തരവ് ബാധിക്കില്ലെന്ന് വ്യക്തമാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടപ്പോള്‍ ബെഞ്ച് പറഞ്ഞു. തെരുവു നായ്ക്കള്‍ ഇരുട്ടിവെളുക്കുമ്പോള്‍ വളര്‍ത്തു നായ്ക്കളായി മാറരുത്. ആ മറിമായം ഇവിടെ പ്രയോഗിക്കരുത്. ഡല്‍ഹിയിലെയും പ്രാന്ത പ്രദേശങ്ങളിലെയും തെരുവു നായ്ക്കളെയെല്ലാം പിടികൂടി ദൂരെ മാറ്റിപ്പാര്‍പ്പിക്കണം. അലഞ്ഞു തിരിയുന്ന ഒരെണ്ണത്തെയും മേലില്‍ കാണാനിടയാകരുത്. കോടതി സ്വരം കനപ്പിച്ചു. പേവിഷബാധയ്ക്കെതിരായ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. കടിയേറ്റാല്‍ ഉടന്‍ പ്രതിരോധ വാക്സിനേഷന്‍.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരുവുനായ പ്രശ്നം നേരത്തേ ശ്രദ്ധിച്ചിരുന്നുപോലും. പിടികൂടി ദൂരെ എവിടെയെങ്കിലും സങ്കേതങ്ങളൊരുക്കി പാര്‍പ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ മൃഗസ്നേഹികള്‍ എന്ന് അവകാശപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടുകയുണ്ടായി. അതോടെ പദ്ധതി നിലച്ചു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിഷയം പരിഗണിച്ചതും മേല്‍പ്പറഞ്ഞ ഉത്തരവിറക്കിയതും.
ഉചിതമായ സ്ഥലം കണ്ടെത്തി പരിപാലന കേന്ദ്രം സ്ഥാപിക്കുക, നായ്ക്കളെ വന്ധ്യം കരിക്കുക, പേവിഷ നശീകരണ കുത്തിവെയ്പ് നടത്തുക, സങ്കേതങ്ങളില്‍ നായ്ക്കളെ പരിപാലിക്കാനും മറ്റും ആവശ്യമായ ജീവനക്കാരെ നിയോഗിക്കുക, നായകള്‍ സങ്കേതത്തില്‍ നിന്ന് പുറത്തു ചാടുന്നില്ല എന്ന് ഉറപ്പാക്കുക, അതിനായി സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക, നിരീക്ഷണം ഏര്‍പ്പെടുത്തുക, എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുക, പിടികൂടിയ നായ്ക്കളുടെ കണക്ക് സൂക്ഷിക്കുകയും ഉന്നതാധികാരകേന്ദ്രങ്ങളിലേയ്ക്ക് അത് അപ്പപ്പോള്‍ അയക്കുകയും ചെയ്യുക എന്നീ നിര്‍ദ്ദേശങ്ങളും ഉന്നയിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ പരാതിപ്പെടുന്നതിന് ഹെല്‍പ് ലൈന്‍ ആരംഭിക്കണം. പരാതികിട്ടിയാല്‍ നാല് മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകണം- കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവ് അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുന്നതാണ് എന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു.
എല്ലാം ശരിയായി എന്ന് പറയാറായിട്ടില്ല. കോടതിയുടെ ആശങ്കയാണ് ശരിയായത്. ഉത്തരവിന് പിന്നാലെ മൃഗസ്നേഹികള്‍ ചാടിപ്പുറപ്പെട്ടു. തെരുവു നായ്ക്കളോട് ക്രൂരത അരുത് പക്ഷഭേദമന്യേ ഒറ്റക്കെട്ടായി വിയോജിപ്പ് പ്രകടിപ്പിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പതിറ്റാണ്ടുകളായി ഭാരതീയരായ നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയ പിന്‍ബലമുള്ളതുമായ നയങ്ങളില്‍ നിന്നുള്ള പിന്നാക്കം പോക്കാണ് തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടയ്ക്കണം എന്ന സുപ്രീംകോടതിയുടെ ഉത്തരവ്. നായ്ക്കള്‍ സൗമ്യ ജീവികളാണ് അവയോട് ക്രൂരതപാടില്ല.
ഉത്തരവ് കോടതി പുനഃ പരിശോധിക്കണം-തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം സാകേത് ഗോഖലെ ചീഫ് ജസ്റ്റീസിന് കത്തയച്ചു. പരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് നായ്ക്കളെയെല്ലാം പിടികൂടി അവിടെ പാര്‍പ്പിക്കുക എന്നത് അപ്രായോഗികമാണ്- ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മേനകാഗാന്ധി പറഞ്ഞു. മകന്‍ വരുണ്‍ ഗാന്ധിക്കും ഇതേ അഭിപ്രായമാണ്. ശിവസേന (ഉദ്ധവ് ഗ്രൂപ്പ്) നേതാവ് പ്രിയങ്കാ ചതുര്‍വേദിയും കോടതിയോട് വിയോജിപ്പു പ്രകടിപ്പിച്ചു.
കേരളമോ? ആലോചനയിലാണത്രേ. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുക അപ്രായോഗികം എന്ന നിലപാടാണ്. സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 2022ല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിട്ടിരുന്നു. ഒരിടത്തും സ്ഥലം കണ്ടെത്തിയില്ല. സര്‍വത്ര എതിര്‍പ്പ്. അതോടെ പദ്ധതി വേണ്ടെന്ന് വെച്ചുപോലും.
അത്ര എളുപ്പമല്ല ഞങ്ങളെ തൊടുന്നത് എന്ന് തെരുവ് നായ്ക്കള്‍. കടിയേറ്റവരുടെ കണക്ക് ഭയാനകമാണ്. 2024 ല്‍ മൂന്ന് ലക്ഷത്തിപതിനേഴായിരം. മരണപ്പെട്ടവര്‍ 26. ഇക്കൊല്ലം ഏപ്രില്‍ വരെ കടിയേറ്റവര്‍ മൂന്ന് ലക്ഷത്തിമുപ്പത്തിമൂന്നായിരം പേര്‍.
ശൂനകപുരാണം നീളുമ്പോള്‍ ഒരു സംശയം. നായ വീട്ടുമൃഗമല്ലേ? അപ്പോള്‍ തെരുവ് നായ? അവയെ തെരുവിലാക്കിയത് ആരാണ്?