കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. അതിനിടെ
റാപ്പര്‍ വേടനെതിരെ പരാതികളുമായി രണ്ട് യുവതികള്‍ കൂടി രംഗത്തെത്തി. വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ രണ്ടു യുവതികളും സമയം തേടി. ഗവേഷകവിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി പരാതി നല്‍കിയത്. വേടന്‍ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഒരു യുവതിയുടെ പരാതി. ദളിത് സംഗീതത്തില്‍ ഗവേഷണാവശ്യത്തിന് വിവരം തേടി സമീപിച്ചപ്പോള്‍ അതിക്രമം നടത്തിയെന്നാണ് മറ്റൊരു വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നത്. 2020-21 കാലഘട്ടത്തിലാണ് ലൈംഗികാതിക്രമം നടന്നതെന്നും പരാതിയില്‍ പറയുന്നു. അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
നേരത്തെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കും. കേസില്‍ തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ മൊഴി.
