തിരുവനന്തപുരം/ കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാന അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നുവെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നടത്തിയ പ്രതികരണത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കും അന്വേഷണം നടത്തുകയെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഗസ്റ്റ് 11ന് നടന്ന സ്‌കൂള്‍ അസംബ്ലിക്കിടയിലാണ് വിദ്യാര്‍ത്ഥിക്ക് പ്രധാന അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. അസംബ്ലിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ കാല്‍കൊണ്ട് ചരല്‍ കൂട്ടിയെന്നു ആരോപിച്ചായിരുന്നു മര്‍ദ്ദനം. സഹോദരനു മര്‍ദ്ദമേറ്റ വിവരം അറിഞ്ഞ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സഹോദരി സ്‌കൂളില്‍ കുഴഞ്ഞു വീഴുകയും ചെയ്തു. ചെവിക്ക് കടുത്ത വേദന അനുഭവപ്പെട്ടതോടെ കുട്ടിയെ ബേഡകം ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ ചികിത്സ വേണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തി. ഈ സമയത്താണ് ചെവിക്ക് കേള്‍വിക്കുറവുണ്ടെന്നും കര്‍ണ്ണപുടം പൊട്ടിയിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതെന്നു പറയുന്നു. ഇതിനിടയില്‍ സംഭവം ഒത്തു തീര്‍ക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും വിവരം പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്.
അതേസമയം കുട്ടിയുടെ കര്‍ണ്ണപുടം അടിച്ചു തകര്‍ത്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ബാലാവകാശ കമ്മീഷന്‍ ബേക്കല്‍ ഡിവൈ എസ് പിക്കു നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി ബാലാവകാശ കമ്മീഷന്‍ ചൊവ്വാഴ്ച മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മൊഴിയെടുക്കും.
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് സ്‌കൂളിലേയ്ക്ക് മാര്‍ച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്.
