കാസര്‍കോട്: ചെര്‍ക്കള, മുട്ടത്തൊടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തോട്ടില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടുമാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടം ഞായറാഴ്ച വൈകുന്നേരമാണ് മുട്ടത്തൊടി കുഞ്ഞിക്കാനം, പടിഞ്ഞാര്‍മൂലയിലെ അബ്ദുല്ലയുടെ പറമ്പിലെ തോട്ടില്‍ കണ്ടെത്തിയത്. തോട്ടില്‍ മീന്‍ പിടിക്കാന്‍ എത്തിയ കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എ എസ് പി എം നന്ദഗോപന്‍, വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യുപി വിപിന്‍, എസ് ഐ മാരായ വിജയന്‍ മേലത്ത്, കെ ഉമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടം തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേയ്ക്ക് അയക്കും. അസ്ഥികൂടം ആരുടേതാണെന്നു കണ്ടെത്തുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന്
പൊലീസ് പറഞ്ഞു. രണ്ടുമാസം മുമ്പു സ്ഥലത്തു നിന്നു 50 വയസ്സുള്ള ഒരാളെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് തോട്ടില്‍ അസ്ഥികൂടം കണ്ടെത്തിയത്.
