കാസര്‍കോട്: ഒരിടവേളയ്ക്കു ശേഷം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കള്ളതോക്കുവേട്ട; തട്ടികൊണ്ടുപോകല്‍. കാപ്പ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ക്രിമിനല്‍ ഉള്‍പ്പടെ ഏഴുപേര്‍ പൊലീസിന്റെ പിടിയില്‍.സംഘത്തില്‍ നിന്നു ഒറ്റക്കുഴല്‍ തോക്കും അഞ്ചു തിരകളും പിടികൂടി. അംഗഡിപദവിലെ സൈഫുദ്ദീന്‍ എന്ന പൂച്ച സെയ്ഫുദ്ദീന്‍ (29), ബേഡകം, കുറ്റിക്കോല്‍, അളക്കാവ് ഹൗസില്‍ നിഥിന്‍രാജ് (25) കുറ്റിക്കോല്‍, വെള്ളാല ഹൗസില്‍ എച്ച് രതീഷ് (26), ചെമ്മനാട്, കൊമ്പനടുക്കത്തെ പ്രവിത്ത് സി ആര്‍ (20) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ അനൂബ് കുമാറും സംഘവും കള്ളതോക്കു കേസില്‍ പിടികൂടിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഹൊസബെട്ടു, കൊടെയില്‍ വച്ചാണ് സംഘം അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ സൈഫുദ്ദീന്‍ കാപ്പ കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. വൊര്‍ക്കാടി ഭാഗത്ത് നായാട്ടിനു എത്തിയതായിരുന്നു നിഥിനും സുഹൃത്തുക്കളും.
അതേസമയം നിഥിന്‍ രാജിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പൂച്ച സൈഫു, കൂട്ടാളികളായ കാസര്‍കോട്, ഹിദായത്ത് നഗര്‍, മുട്ടത്തൊടി ബിസ്മില്ല മന്‍സിലില്‍ എം എച്ച് മൊയ്തീന്‍ എന്ന ചറുമുറു മൊയ്തീന്‍ (29), ഉളിയത്തടുക്ക നാഷണല്‍ നഗറിലെ മുഹമ്മദ് സുഹൈല്‍ (28) എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച രാത്രി ഒരു മണിക്കാണ് നിഥിന്‍ രാജിനെയും രണ്ടു കൂട്ടുകാരെയും വൊര്‍ക്കാടി, മജീര്‍പ്പള്ളയില്‍ വച്ച് സൈഫുദ്ദീനും സംഘവും തട്ടി കൊണ്ടുപോയത്. നിഥിന്‍ രാജിനെയും സുഹൃത്തുക്കളെയും തടഞ്ഞു നിര്‍ത്തുകയും ബാഗില്‍ ഉണ്ടായിരുന്ന കള്ളതോക്കും തിരകളും സംഘം കൈക്കലാക്കുകയായിരുന്നുവെന്നു കേസില്‍ പറയുന്നു. വിവരം പൊലീസിനെ അറിയിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണും 10,000 രൂപയും തട്ടിയെടുത്തുവെന്നും പിന്നീട് കാറില്‍ കയറ്റികൊണ്ടുപോയി ഒഴിഞ്ഞ പറമ്പില്‍ വച്ച് മര്‍ദ്ദിച്ച ശേഷം മൂന്നു ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും കാണിച്ച് നിഥിന്‍രാജ് നല്‍കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. സംഘത്തിന്റെ ഭീഷണി തുടരുന്നതിനിടയിലാണ് വിവരം ചോര്‍ന്നത്. ഇന്‍സ്‌പെക്ടര്‍ ഇ അനൂബ് കുമാര്‍, എസ് ഐ കെ ആര്‍ ഉമേശ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരു കേസുകളിലെയും പ്രതികളെ അറസ്റ്റു ചെയ്തത്.
