കുറ്റിക്കോല്‍(കാസര്‍കോട്): കര്‍ഷകദിനത്തില്‍ ജീവനം ജൈവവൈവിധ്യ സമിതി കര്‍ഷകരെ വീടുകളില്‍ ചെന്ന് ആദരിച്ചു.
ശാരീരിക അവശതയെ വിസ്മരിച്ച് കൃഷിജീവിതം ആനന്ദമാക്കുന്ന കുറ്റിക്കോല്‍ അറത്തൂട്ടിപ്പാറയ്ക്കടുത്തെ പരേതനായ മളിക്കാല്‍ കല്ലളന്റേയും ചിറ്റയുടേയും മൂത്ത മകന്‍ എച്ച്.കൃഷ്ണനേയും വൈവിധ്യം നിറഞ്ഞ കാര്‍ഷിക രീതികളിലൂടെ ശ്രദ്ധേയനായ പെരിങ്ങാനത്തെ കരുണാകരന്‍ വിസ്മയയെയുമാണ് ആദരിച്ചത്.
പത്തു വര്‍ഷം മുമ്പാണ് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വീഴ്ചയില്‍ കൃഷ്ണന് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ശബ്ദം അടഞ്ഞുപോയതും.
കര്‍ഷകത്തൊഴിലാളിയും മികച്ച കര്‍ഷകനുമായ അദ്ദേഹം അസുഖബാധിതനായിട്ടും അടങ്ങിയിരിക്കാന്‍ തയ്യാറല്ല. ഏറെ ആസ്വദിച്ചും ആത്മസംതൃപ്തിയോടും കൂടിയാണ് അദ്ദേഹം ഇപ്പോഴും പലതരം പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്.
അകലെ പോയി കൃഷി ചെയ്യാന്‍ കഴിയാത്തതിനാല്‍ സ്വന്തം സ്ഥലത്ത് വീട്ടാവശ്യത്തിനുള്ള വെള്ളരി, കക്കരി, മഞ്ഞള്‍ തുടങ്ങിയവ മുടക്കമില്ലാതെ കൃഷിചെയ്തു വരുന്നു.
കൃഷി സ്ഥലം ഒരുക്കുന്നതും നടുന്നതും വളം ചേര്‍ക്കുന്നതും മറ്റുപരിപാലവുമെല്ലാം സ്വന്തമായാണ് ചെയ്യുന്നത്. പശുവളര്‍ത്തലും ഉണ്ട്. പശുവിനുള്ള പുല്ല്, വെള്ളം, കറവ, തൊഴുത്ത് വൃത്തിയാക്കല്‍ എല്ലാം സ്വയം ചെയ്യുന്നു. കൃഷി ആവശ്യം കഴിഞ്ഞ ചാണകവളം മറ്റു കര്‍ഷകര്‍ക്ക് വില്‍ക്കും.
ദിവസവും രണ്ടു നേരവും കിലോമീറ്ററുകളോളം ദൂരം നടന്ന് പോയി പച്ച പുല്ല് അരിഞ്ഞു കൊണ്ടുവരും. വളരെ പതുക്കെ മാത്രമേ നടക്കാന്‍ കഴിയുകയുള്ളൂ എങ്കിലും
ഏതു മഴയിലും വെയിലിലും ദിനചര്യപോലെ ഇത് തുടരുന്നു. കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ് കന്നുകാലി പരിചരണം. മിണ്ടാപ്രാണികളോടുള്ള സ്‌നേഹവും സ്വയം ജോലി ചെയ്ത് ജീവിക്കാനുള്ള ദൃഢനിശ്ചയവും ആത്മ വിശ്വാസവുമാണ് അവശതകള്‍ മറന്ന് ജോലി ചെയ്യാന്‍ അദ്ദേഹത്തിന് കരുത്തു നല്‍കുന്നത്.
പ്രതിസന്ധിഘട്ടങ്ങളെ പുഞ്ചിരിയോടെ നേരിടാന്‍ പഠിപ്പിക്കുന്ന, ക്ഷീരകര്‍ഷകന്‍ കൂടിയായ ഈ മികച്ച കര്‍ഷകനെ ജീവനം ജൈവവൈവിധ്യ സമിതി പ്രവര്‍ത്തകര്‍ വീടുകളില്‍ ചെന്ന് ആദരിച്ചു. ആദരസൂചകമായി ഓണക്കോടി സമ്മാനിച്ചു.
തുടര്‍ന്ന് വൈവിധ്യം നിറഞ്ഞ ജൈവകൃഷി നടത്തുന്ന പെരിങ്ങാനത്തുള്ള കരുണാകരന്‍ വിസ്മയ എന്ന കര്‍ഷകന്റെ കൃഷി സ്ഥലം സന്ദര്‍ശിക്കുകയും ആദരിക്കുകയും ചെയ്തു. പ്ലാവിന്‍ തൈയും സമ്മാനിച്ചു.
പെരിങ്ങാനത്തെ വീട്ടുപറമ്പില്‍ നെല്ല്, കവുങ്ങ്, തെങ്ങ്, വിവിധ ഇനം വാഴകള്‍, പച്ചക്കറികള്‍, പേര, ഡ്രാഗണ്‍ ഫ്രൂട്ട്, പൈനാപ്പിള്‍, കോഴി, പശു, തുടങ്ങി വ്യത്യസ്തമായ കാര്‍ഷിക വിളകള്‍ അദ്ദേഹം പരിപാലിക്കുന്നു. പാറപ്പുറത്ത് മണ്ണിട്ട് നികത്തിയാണ് അദ്ദേഹം കൃഷി സ്ഥലം ഒരുക്കിയത്. വിവിധ ഇനം ഭക്ഷ്യവിളകളുടെ വിത്തിനങ്ങളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്. ആധുനികവും പരമ്പരാഗതവുമായ നൂറ്റി അറുപത്തിമൂന്നോളം നെല്‍വിത്തുകളുടെയും 60 ഇനം മഞ്ഞള്‍ വിത്തിനങ്ങളുടേയും ഉടമയാണ്. വീട്ടുമുറ്റത്ത് വ്യത്യസ്ത ഇനം നെല്‍കൃഷികളും ചെയ്തുവരുന്നു.
ജീവനം പ്രതിനിധികളായി തമ്പാന്‍ കെ മീയ്യങ്ങാനം,പി.വി.ശശി,എന്‍.അശോക്മാര്‍, കെ.കുഞ്ഞിരാമന്‍,എം.ദാമോധരന്‍, ഇ.രാധാകൃഷ്ണന്‍ നായര്‍, എം.രാജേന്ദ്രന്‍ നായര്‍, ഇ.നാരായണന്‍ നായര്‍, എ.ഗോപാലകൃഷ്ണന്‍, കെ.ടി സുകുമാരന്‍, പ്രേമലത പി., പത്മാവതി എന്‍, ദാമോദരന്‍ എം, കരുവിഞ്ചിയം തുടങ്ങിയവര്‍ സംബന്ധിച്ചു.
കരുണാകരന്‍ വിസ്മയ കാര്‍ഷികാനുഭവങ്ങള്‍ വിവരിച്ചു.
ജീവനം സെക്രട്ടറി തമ്പാന്‍ കെ. മീയ്യങ്ങാനം സ്വാഗതവും എം.ദാമോദരന്‍ കരുവിഞ്ചിയം നന്ദിയും പറഞ്ഞു. പിവി.ശശി അധ്യക്ഷത വഹിച്ചു.
