മട്ടന്നൂര്‍: ചാലോട് മട്ടന്നൂരില്‍ ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി ഷുഹൈബ് വധക്കേസ് പ്രതിയടക്കം ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 27.820 ഗ്രാം എംഡിഎംഎ മുറിയില്‍ നിന്ന് കണ്ടെടുത്തു.
മുട്ടന്നൂരിലെ ഗ്രീന്‍ വ്യൂ ലോഡ്ജില്‍ വച്ചാണ് ആറംഗ സംഘത്തെ മട്ടന്നൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. മട്ടന്നൂര്‍ തെരൂര്‍ പാലയോട് കാനാട് റോഡ് അറഫ മന്‍സിലില്‍ എം.പി മജ്‌നാസ് (33), മുണ്ടേരി ഏച്ചൂര്‍ തീര്‍ത്ഥത്തില്‍ രജിന രമേഷ് (33), കണ്ണൂര്‍ ആദികടലായി വട്ടക്കുളം ബൈത്തുല്‍ ഹംദില്‍ എം.കെ മുഹമ്മദ് റനീസ് (31), ചക്കരക്കല്‍ കോയ്യോട് കദീജ മന്‍സിലില്‍ പി.കെ സഹദ് (28), പഴയങ്ങാടി കായിക്കാരന്‍ ഹൗസില്‍ കെ. ഷുഹൈബ് (43), മട്ടന്നൂര്‍ തെരൂര്‍ പാലയോട് സാജ് നിവാസില്‍ കെ. സഞ്ജയ് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ സഞ്ജയ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഘം ലോഡ്ജില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാത്രിയും ഇന്നലെ പകലുമായി മുറിയില്‍ ആളുകള്‍ വന്ന് പോകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച വൈകിട്ട് പൊലീസ് സ്ഥലത്തെത്തിയത്.
