ശ്രീനഗര്‍: ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും വ്യാപക നാശനഷ്ടം. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ വീണ്ടും മേഘവിസ്‌ഫോടനം ഉണ്ടായി. ജോധ് ഘാട്ടിയിൽ മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. ജംഗ്ലോട്ടിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കത്വയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം.
ഹിമാചല്‍ പ്രദേശിലും സ്ഥിതി രൂക്ഷമാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടായി. മാണ്ഡി ജില്ലയിലെ പനാര്‍സ, തക്കോലി, നാഗ്വെയിന്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പ്രളയം നാശം വിതച്ചത്. മിന്നല്‍ പ്രളയത്തില്‍ ചണ്ഡിഗഡ്-മണാലി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ജമ്മു-പത്താന്‍കോട്ട് ദേശീയ പാതയുടെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം കാരണം ചില ബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഷ്ത്വാര്‍ ജില്ലയില്‍ 60 ലധികം പേരുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ദുരന്തം. പ്രദേശത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
