ബംഗളൂരു: കര്‍ണാടകയിലെ ബന്നാര്‍ഗട്ട വന്യജീവി സങ്കേതം കാണാനെത്തിയ കുട്ടിയെ പുലി ആക്രമിച്ചു. ടൂറിസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഫാരി വാഹനത്തില്‍ സഞ്ചരിക്കവെയാണ് പന്ത്രണ്ടുകാരന് പുലിയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലി കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ദേശീയോദ്യാനത്തിലൂടെ സഞ്ചരിക്കുന്നതിനിടെ സഫാരി വാഹനത്തിലേക്ക് എത്തി വലിഞ്ഞാണ് സീറ്റിലിരിക്കുന്ന കുട്ടിയെ പുലി ആക്രമിക്കുന്നത്. റോഡ് സൈഡില്‍ പുലിയെ കണ്ടതോടെ ഡ്രൈവര്‍ വാഹനം മെല്ലെയാക്കി. അതിനിടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലി ആക്രമിച്ചത്. സഫാരിക്ക് ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ജനലില്‍ സുരക്ഷയ്ക്കായി നല്‍കിയിട്ടുള്ള നെറ്റ് ഇളകിയ നിലയിലായിരുന്നു. ഉടന്‍ തന്നെ സഫാരി ജീപ്പ് മുന്നിലേക്ക് എടുത്തെങ്കിലും പുലിയും പിന്നാലെ ഓടുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പാര്‍ക്കിലെ സഫാരി നിര്‍ത്തിവച്ചു. സംഭവത്തിന് പിന്നാലെ എല്ലാ വാഹനങ്ങളിലും അടിയന്തരമായി സുരക്ഷ ഒരുക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പുലി ആക്രമിച്ച വാഹനത്തിന് പിന്നിലെ വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കര്‍ണാടക വനം വകുപ്പാണ് ഇവിടെ സഫാരി നിയന്ത്രിക്കുന്നത്. ഏറ്റവും സുരക്ഷിതമായ രീതിയില്‍ സഫാരി നടക്കുന്ന പ്രദേശമായിട്ടും ഇത്തരത്തിലുള്ള ഒരു അപകടമുണ്ടായത് വലിയ ആശങ്കയാണ് സഞ്ചാരികളില്‍ ഉണ്ടായിരിക്കുന്നത്.
