കാസര്‍കോട്: മഞ്ചേശ്വരത്ത് അടച്ചിട്ട കടകള്‍ക്കിടയില്‍ കണ്ട കട്ടപിടിച്ച രക്തം നാട്ടുകാരെ അമ്പരപ്പിച്ചു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഹൊസങ്കടി അംഗഡിപദവ് ദുര്‍ഗിപ്പള്ളയിലെ കടകള്‍ക്ക് മുന്നിലാണ് ഭയാനകമായ രീതിയില്‍ രക്തക്കറ കണ്ടെത്തിയത്. രാവിലെ കട തുറക്കാനെത്തിയ വ്യാപാരികളാണ് ചോരക്കറ കട്ടപിടിച്ചുകിടക്കുന്നത് കണ്ടതെന്നു പറയുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. വെള്ളിയാഴ്ച രാത്രി ഇവിടെ സംഘര്‍ഷമൊന്നും ഉണ്ടായതായി അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഭയാനകമായ രീതിയില്‍ രക്തക്കറ ഉണ്ടായതെന്ന് എല്ലാവരെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

