ന്യൂഡൽഹി: 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രധാനമന്ത്രി പതാക ഉയർത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു.അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്ത്രീശക്തികളെ കുറിച്ചും മോദി പരാമര്‍ശിച്ചു. ദാക്ഷായണി വേലായുധനെ അനുസ്മരിച്ച മോദി ശ്യാമപ്രസാദ് മുഖര്‍ജി ജീവന്‍ ത്യജിച്ചത് രാജ്യത്തിന് വേണ്ടിയാണെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ വഴികാട്ടി ഭരണഘടനയാണെന്നും മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും പ്രസംഗത്തില്‍ സൂചിപ്പിച്ച മോദി സൈനികരെ അഭിനന്ദിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഐസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ത്രിവർണ്ണ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. സായുധരും അല്ലാത്തവരുമായ വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് തുടങ്ങിയവരുടെ പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷനൽ സർവീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനം ആലപിക്കും.രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറും ദേശീയപതാക ഉയർത്തും. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ മന്ത്രിമാർ നേതൃത്വം നൽകും.
